സൗദിയിൽ ഇലക്‌ട്രിക്കല്‍ ജോലിക്കിടെ ഷോര്‍ട്ട് സര്‍ക്യൂട്ട്, ദേഹത്തേക്ക് തീ ആളിപ്പിടിച്ചു; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം



റിയാദ്: ഇലക്‌ട്രിക്കല്‍ ജോലിക്കിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപ്പൊള്ളലേറ്റ് റിയാദിലെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലായിരുന്ന മലയാളി യുവാവ് മരിച്ചു.

ആലപ്പുഴ മഹാദേവിക്കാട് പാണ്ട്യാലയില്‍ പടീറ്റതില്‍ രവീന്ദ്രൻ, ജഗദമ്മ ദമ്ബതികളുടെ മകൻ റിജില്‍ രവീന്ദ്രൻ (28) ആണ് മരിച്ചത്. ഡിസംബര്‍ 11ന് റിയാദില്‍നിന്ന് 767 കിലോമീറ്ററകലെ റഫ്ഹ പട്ടണത്തിലുള്ള ജോലിസ്ഥലത്താണ് അപകടമുണ്ടായത്. 


സ്വകാര്യ കണ്‍സ്ട്രക്ഷൻ കമ്ബനിയില്‍ ഇലക്‌ട്രീഷ്യനായ റിജില്‍ ജോലി ചെയ്യുന്നതിനിടെ രാവിലെ 10ഓടെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടിക്കുകയായിരുന്നു. ശരീരത്തിലേക്ക് ആളിപ്പിടിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റു. അപ്പോള്‍ തന്നെ റഫ്ഹ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13ാം തീയതി മെഡിക്കല്‍ വിമാനത്തില്‍ റിയാദ് ശുമൈസിയിലെ കിങ് സഊദ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍

കഴിഞ്ഞുവരുന്നതിനിടെ ഞായറാഴ്ച (ജനു. ഏഴ്) രാത്രി എട്ടോടെയാണ് മരിച്ചത്. അവിവാഹിതനാണ്. 


ഒന്നര വര്‍ഷം മുമ്ബാണ് കമ്ബനിയിലേക്ക് ഇലക്‌ട്രീഷ്യൻ ജോലിക്കായി നാട്ടില്‍നിന്നെത്തിയത്. വന്ന ശേഷം നാട്ടില്‍ പോയിട്ടില്ല. ഒരു സഹോദരനുണ്ട്. അപകടമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ഇതുവരെ ഒപ്പം നിന്ന് പരിചരണം നല്‍കിയത് സഹപ്രവര്‍ത്തകനായ കിളിമാനൂര്‍ സ്വദേശി അഖിലാണ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഖിലിനെ സഹായിക്കാൻ ഒ.ഐ.സി.സി എറണാകുളം ജില്ല പ്രസിഡൻറ് മാത്യു ജോസഫ്, ജീവകാരുണ്യ കണ്‍വീനര്‍ ഷിജോ ചാക്കോ എന്നിവര്‍ രംഗത്തുണ്ട്.

Post a Comment

Previous Post Next Post