കുതിരാൻ. വില്ലൻ വളവിൽ ട്രെയിലർ ലോറി തട്ടി ഉണ്ടായ അപകടത്തിൽ വയോധികയുടെ കാലിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങി. കൊമ്പഴ സ്വദേശിനി വലിയിറക്കത്ത് അലീമയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. ഹൈവേ അതോറിറ്റിയുടെ ആംബുലൻസിൽ ഇവരെ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പാലക്കാട് ദിശയിലേക്ക് പോവുകയായിരുന്ന ട്രെയിലർ ലോറി റോഡരികിൽ പുല്ല് കൊണ്ടുപോവുകയായിരുന്ന അലീമയെ തട്ടുകയായിരുന്നു. റോഡിലേക്കു വീണ അവരുടെ കാലിലൂടെ ലോറിയുടെ ടയർ കയറിയിറങ്ങി. കുതിരാനിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഇരുമ്പുപാലം ഭാഗത്തേക്കുള്ള സർവ്വീസ് റോഡിൽ അയേൺ ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനുള്ള പണികൾ നടക്കുന്നതിനാൽ പ്രധാന പാതയിലൂടെ നടന്നുപോകേണ്ടി വന്നതാണ് അപകടത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാർ പറഞ്ഞു. വില്ലൻ വളവിൽ ഹൈവേയുടെ പണികൾ പൂർത്തിയാക്കാത്തതിനാൽ റോഡിന് വീതിയുമില്ല.
മാത്രമല്ല, ഇപ്പോൾ തുരങ്കത്തിൽ ഏർപ്പെടുത്തുന്ന ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ഇരു ഭാഗത്തേക്കുമുള്ള വാഹനങ്ങൾ കടത്തിവിടാനായി റോഡിന്റെ നടുവിലൂടെ ബാരിക്കേഡുകൾ വെച്ച് രണ്ട് ട്രാക്കായി തിരിച്ചിരിക്കുകയുമാണ്. ഇതോടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് അപകടങ്ങൾ പെരുകുന്നതിന് ഇടയാക്കും. ഹൈവേ അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും അനാസ്ഥ കൊണ്ടു മാത്രമാണ് ഇവിടെ നിരന്തരം അപകടങ്ങൾ സംവിക്കുന്നത്.
പീച്ചി പോലീസ്, മണ്ണുത്തി ഹൈവേ പോലീസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു