മലപ്പുറം കിണറിടിഞ്ഞ് കുടുങ്ങിയ ആളെ രക്ഷപ്പടുത്തി.
ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ കിണറ്റിലിറങ്ങി വീണ്ടും മണ്ണിടിഞ്ഞു ശരീരത്തിൽ വീണ് കിണറ്റിൽ കുടുങ്ങിയ ആളെ മലപ്പുറത്ത് നിന്നെത്തിയ അഗ്നി രക്ഷാ രക്ഷപ്പെടുത്തി.
തമിഴ് നാട് സ്വദേശി കാടാമ്പുഴ കണിയാട്ടു പറമ്പിൽ താമസിക്കുന്ന പട്ടായം പള്ളി മണിയെ (70) ആണ് രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് സംഭവം.
കാടാമ്പുഴ അങ്ങാടിക്കടുത്ത് വെട്ടിച്ചിറ റോഡിൽ തള്ളാശ്ശേരിയിൽ ബാലകൃഷ്ണന്റെ വീട്ടുവളപ്പിലെ കിണർ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
കിണർ പണിയിൽ വർഷങ്ങളായി പരിചയമുളള മണി ഒറ്റക്ക് കിണറ്റിൽ ഇറങ്ങി മറ്റ് രണ്ട് തൊഴിലാളികളുടെ സഹായത്തോടെ മണ്ണ് നീക്കുന്നതിനിടയിൽ മണിയുടെ ദേഹത്തേക്ക് ഒരു വശത്തു നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ഒപ്പം വെള്ളം പമ്പുചെയ്യാൻ ഉപയോഗിച്ച മോട്ടോറിൽ നിന്ന് ഷോക്കൽക്കുന്ന സാഹചര്യമുണ്ടായതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി.
ഒപ്പമുണ്ടായിരുന്ന തമിഴ് നാട് സ്വദേശി പാണ്ഡ്യനും മരവട്ടം സ്വദേശി അനൂപും കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം ആരംഭിച്ചു. മലപ്പുറത്ത് നിന്ന് സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൾ സലീമിന്റെ നേതൃത്യത്തിൽ എത്തിയ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി , ഫയർ റസ്ക്യൂ ഓഫീസർ ടി.കെ. നിഷാന്ത് റസ്ക്യു നെറ്റിന്റെ സഹായത്തിൽ കിണറ്റിൽ ഇറങ്ങി മണിയെ സുരക്ഷിതമായി പുറത്തെടുത്ത് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. മണിയുടെ പരിക്ക് ഗുരുതരമല്ല.
സീനിയർ ഫയർ & റസ്ക്യു ഓഫീസർ ഇ.എം. അബ്ദു റഫീഖ്, ഫയർ റസ്ക്യൂ ഓഫീസർമാരായ പി.കെ. അഭിലാഷ്, എൻ. ജംഷാദ്,
എ.വിപിൻ , ഹോംഗാർഡ് മാരായ കെ. കെ.ബാലചന്ദ്രൻ നായർ , സി.വേണുഗോപാൽ, എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.