സഹോദരനെ സ്കൂളിലേക്ക് യാത്രയാക്കാൻ പോയ ഒന്നര വയസ്സുകാരി സ്കൂൾ ബസ് കയറി മരിച്ചു. കടപ്ലാമറ്റം പഞ്ചായത്തിലെ വയലാ പാറയ്ക്കൽ മിഥുൻ ജെ.പാറയ്ക്കൽ – ലിൻഡ ദമ്പതികളുടെ മകൾ ജൂവൽ അന്ന മിഥുൻ (ഒന്നര) ആണ് മരിച്ചത്. എഞ്ചിനീയറായ മിഥുൻ കുടുംബത്തോടൊപ്പം ഹൈദരാബാദിലാണ് താമസിക്കുന്നത്. ഇന്നലെ രാവിലെ മകൻ ജോർജിനെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് അപകടം. താമസസ്ഥലത്തിനു താഴെ കളിക്കാൻ വന്ന ജൂവൽ സഹോദരൻ ബസിൽ കയറുന്നതു കാണാനായി ഓടിയെത്തിയപ്പോൾ ഇതേ ബസിന്റെ അടിയിൽപെടുകയായിരുന്നു. സംസ്കാരം ഇന്നു 11ന് വയലാ സെന്റ് ജോർജ് പള്ളിയിൽ നടക്കും.