ചെന്നൈ: തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെങ്കാശി ജില്ലയിലെ തിരുമംഗലം- കൊല്ലം ദേശീയപാതയില്‍ സിങ്കംപട്ടി എന്ന സ്ഥലത്ത് വച്ചാണ് അപകടം നടന്നത്. കാറില്‍ സഞ്ചരിച്ചിരുന്ന ആറംഗ സംഘമാണ് മരിച്ചത്. മരിച്ചവര്‍ തെങ്കാശി പുളിയാങ്കുടി സ്വദേശികളാണ്.
സുഹൃത്തുക്കളായ ആറുപേരും ചേർന്ന് കാർ വാടകയ്ക്ക് എടുത്ത് കുറ്റാലം വെള്ളച്ചാട്ടത്തിലെത്തിയതായിരുന്നു. അവിടെനിന്ന് തിരിച്ച് വരുന്നവഴിയാണ് അപകടമുണ്ടായത്. സിമന്റ് കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാർ പൂർണമായും തകർന്നു. ജെസിബി കൊണ്ടുവന്ന് വളരെയേറെ ശ്രമത്തിനൊടുവിലാണ് ലോറിക്കടിയില്‍ നിന്ന് കാറും മൃതദേഹങ്ങളും പുറത്തെടുത്തത്.
തെങ്കാശി ചിന്താമണി സ്വദേശികളായ കാർത്തിക്, വേല്‍, മനോജ്, സുബ്രഹ്മണ്യൻ, മനോഹരൻ, മുതിരാജ് എന്നിവരാണ് മരിച്ചത്. പതിനേഴിനും ഇരുപത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരാണിവർ. മൃതദേഹങ്ങള്‍ തിരുന്നല്‍വേലി മെഡിക്കല്‍ കോളേജ്.ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.