കോഴിക്കോട് വടകര: ദേശീയപാതയിൽ അഴിയൂരിൽ ചരക്കു ലോറി റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. അഴിയൂർ ചുങ്കത്ത് പുഴിപ്പറമ്പിൽ ഫാത്തിമയുടെ വീട്ടിലേക്കാണ് ലോറി ഇടിച്ചുകയറിയത്. വ്യാഴാഴ്ച്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം.
കൊച്ചിയിൽ നിന്നും കമ്പികയറ്റി ആലക്കോടേക്ക് പോവുകയായിരുന്നു ലോറി. എതിൽ ദിശയിൽ നിന്നും വന്ന ഓട്ടോയെ മറികടന്നു വരികയായിരുന്ന മത്സ്യവണ്ടിയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ടുകയായിരുന്നു. തുടർന്ന് ലോറി വീടിന്റെ മുൻവശത്തെ ഗേറ്റ് ഇടിച്ച് തകർത്ത ശേഷം വീടിൻ്റെ തൂണിൽ തട്ടി നിന്നു. വീടിന്റെ ഗേറ്റും തൂണും ഒരുവശത്തെ ചുമരും തകർന്ന നിലയിലാണ്.
ഫാത്തിമയും മകനും മകളും കുടുംബവും ഈ സമയം തൊട്ടടുത്ത റൂമുകളിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ശബ്ദം കേട്ട് വാതിൽ തുറന്നപ്പോഴാണ് വീട്ടുകാർ സംഭവം അറിയുന്നത്. അപകടത്തിൽ വീട്ടുകാർക്ക് ആർക്കും പരിക്കുകളില്ല. നിസ്സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ ജിജു മാത്യു മാഹിയിലെ ആശുപത്രിയിൽ ചികിത്സ തേടി. ലോറിയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് നാട്ടുകാരും ചോമ്പാല പോലീസും സ്ഥലത്തെത്തിയിരുന്നു