കല്‍പ്പറ്റ: കല്‍പ്പറ്റ പെരുന്തട്ട കിന്‍ഫ്ര പാര്‍ക്കിന് സമീപം കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 40 ല്‍ അധികം യാത്രക്കാര്‍ക്ക് പരുക്കേറ്റു. വൈകിട്ടു 4.30 ഓടെയാണ് അപകടം. പരുക്കേറ്റവര്‍ കല്‍പറ്റയിലെ ജനറല്‍ ആശുപത്രി, സ്വകാര്യ ആശുപത്രികള്‍, മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയിരുന്നു. സാരമായി പരുക്കേറ്റ താമരശ്ശേരി സ്വദേശി ജയപ്രകാശ് (51), ഉള്ളേരി സ്വദേശി ഗിരീഷ് (41), ചുണ്ടേല്‍ സ്വദേശി ഹംസ(55) എന്നിവര്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ലക്കിടി സ്വദേശി സാരംഗ് കൃഷ്ണ (27) കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ബത്തേരിയില്‍ നിന്നു കോഴിക്കോടേക്ക് പോവുകയായിരുന്ന ടൗണ്‍ ടു ടൗണ്‍ ബസാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടമായി റോഡില്‍ നിന്നു തെന്നി നീങ്ങിയ ബസ് റോഡരികിലെ ഹോംസ്റ്റേയുടെ മുറ്റത്തേക്കാണു മറിഞ്ഞത്. ബസില്‍ 59 യാത്രക്കാരാണുണ്ടായിരുന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. പിന്നാലെ കല്‍പറ്റയില്‍ നിന്നു ഫയര്‍ ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തി പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബ്രേക്ക് തകരാറിലായതാണു അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.