റിയാദ്: സഊദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരുൾപ്പടെ 13 പേർ മരിച്ചു. ഉംറക്കായി സ്വന്തം കാറിൽ മക്കയിലേക്ക് പുറപ്പെട്ട യമൻ പൗരനും കിങ് ഫഹദ് മെഡിക്കൽ സിറ്റിയിലെ ഓങ്കോളജി കൺസൾട്ടൻറുമായ ഡോ. ജാഹിം അൽശബ്ഹിയെയും കുടുംബത്തെയും കൂടാതെ മറ്റ് രണ്ട് കാറുകളിലും ഒരു ട്രക്കിലുമുള്ള ആളുകളുമാണ് അപകടത്തിൽപ്പെട്ടത്.
റിയാദിൽനിന്ന് 75 കിലോമീറ്റർ അകലെ മുസാഹ്മിയയിൽ വെച്ചാണ് ദാരുണ അപകടം നടന്നത്. മൂന്ന് കാറുകളുടെ നേരെ എതിരിൽനിന്ന് വന്ന പാകിസ്താനി പൗരൻ ഓടിച്ച ട്രക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ഡോ. ജാഹിം അൽശബ്ഹിയും മക്കളായ അർവ (21), ഫദൽ (12), അഹമ്മദ് (8), ജന (5) എന്നിവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഡോക്‌ടറുടെ ഭാര്യയും മറ്റ് മൂന്നു മക്കളും പരിക്കേറ്റ് ചികിത്സയിലാണ്. മറ്റ് രണ്ട് കാറുകളിലുണ്ടായിരുന്ന എട്ടു പേരും അപകടത്തിൽ മരിച്ചു. എന്നാൽ അവർ ഏത് രാജ്യക്കാരാണെന്ന് അറിവായിട്ടില്ല.
ഇടിയുടെ ആഘാതത്തിൽ ഡോക്ടറും കുടുംബവും സഞ്ചരിച്ച വാഹനം പൂർണമായി തകർന്നു. അപകടത്തിൽ 13 പേർ മരിച്ചതായി ഡോ. ജാഹിം അൽശബ്ഹിയുടെ കൂട്ടുകാരനായ ഡോ. മുശബിബ് അലി അൽഅസീരി 'അൽഅറബിയ നെറ്റ്' ചാനലിനോട് പറഞ്ഞു. കുടുംബസമേതം ഉംറക്ക് പോകുന്നതിനാൽ ഡോക്ടർ സന്തോഷവാനായിരുന്നെന്നും മുസാഹ്മിയയിൽ എത്തിയപ്പോൾ പ്രധാന റോഡിൽ എതിർദിശയിൽനിന്ന് വന്ന പാകിസ്താനി പൗരൻ ഓടിച്ച ട്രക്ക് ഡോക്ടറുടെ വാഹനത്തെയും മറ്റ് രണ്ട് കാറുകളെയും ഇടിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.