പറവൂര്‍: ചേന്ദമംഗലം കവലയില്‍ സിഗ്നലിനു സമീപം ജീപ്പും കാറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനവും തകര്‍ന്നു.
തിങ്കളാഴ്ച പുലര്‍ച്ച നാലിനാണ് അപകടം. കോഴിക്കോടുനിന്ന് നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടിലേക്ക് പോയ വാഹനം ചേന്ദമംഗലം കവലയില്‍ എത്തിയപ്പോള്‍ പുല്ലംകുളം ഭാഗത്തുനിന്നുവന്ന മറ്റൊരു വാഹനത്തില്‍ ഇടിക്കുകയായിരുന്നു. ഇരുവാഹനത്തിലെയും യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികള്‍ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പിന്നീട് നാട്ടിലേക്ക് മടങ്ങി.
സിഗ്നല്‍ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. വീതിയില്ലാത്ത ചെറിയ കവലയായ ഇവിടെ പലപ്പോഴും സിഗ്നല്‍ സംവിധാനം തകരാറിലാണ്. രാത്രി നാലുവശത്തേക്കുള്ള സിഗ്നലിലും ചുവന്ന ലൈറ്റ് തെളിഞ്ഞ് കിടക്കും. നാലു ഭാഗത്തുനിന്നും വാഹനങ്ങള്‍ കവലയില്‍ എത്തി പകച്ചുനില്‍ക്കുകയും ഹോണ്‍ മുഴക്കുകയും ചെയ്യുന്നതിനാല്‍ രാത്രി ഈ ഭാഗത്ത് ഉണ്ടാകുന്നവര്‍ തന്നെ സിഗ്നല്‍ ഓഫ് ചെയ്യും.
പൊതുജനങ്ങള്‍ക്ക് കൈകാര്യം ചെയ്യാവുന്ന തരത്തിലാണ് സ്വിച്ച് സ്ഥാപിച്ചിരിക്കുന്നത്. സിഗ്നല്‍ ഇല്ലാത്തപ്പോള്‍ വേഗത്തില്‍ വരുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് ഇതു കവലയാണെണ് തിരിച്ചറിയാൻ കഴിയില്ല. വ്യക്തമായാല്‍ തന്നെ വേഗം കുറക്കാതെ ഓടിച്ചുപോകുന്നവരുമുണ്ട്. ചേന്ദമംഗലം
കവലയില്‍നിന്ന് ചേന്ദമംഗലത്തേക്ക് പോകുന്ന ദിശയില്‍ പച്ചലൈറ്റും തെളിയുന്നില്ല.