പാലക്കാട്: നെന്മാറ അയലൂര്‍ പഞ്ചായത്തിലെ ഒലിപ്പാറ, കൊടിക്കരിമ്ബ്, അടിപ്പെരണ്ട ഭാഗങ്ങളില്‍ നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു.
പേഇളകിയ നായയാണെന്ന് സംശയമുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
രണ്ടു ദിവസമായി മേഖലയിലെ നിരവധി ആളുകള്‍ക്ക് കടിയേറ്റത്തിന് പുറമേ പശു, ആട്, പൂച്ച, പട്ടി തുടങ്ങിയ നിരവധി വളര്‍ത്തു മൃഗങ്ങള്‍ക്കും കടിയേറ്റതായി വാര്‍ഡ് അംഗം മുഹമ്മദ് കുട്ടി പറഞ്ഞു. ഇതിനിടെ കഴിഞ്ഞദിവസം നായയുടെ കടിയേറ്റ പൂച്ച ചത്തത് ജനങ്ങളെ കൂടുതല്‍ ആശങ്കാകുലരാക്കി.
നിത്യവൃത്തിക്കായി കൂലിപ്പണികള്‍ക്കും ടാപ്പിംഗ് ജോലികള്‍ക്കും പോകുന്നവര്‍ക്കാണ് നായയുടെ കടിയേറ്റത്. കൊടിക്കരിമ്ബ് അബ്ദുല്‍ ഖാദര്‍, കടലക്കാട് അസീസ്, അടിപ്പെരണ്ട ഷെറീന എന്നിവര്‍ക്ക് പരുക്കുണ്ട്. കടിയേറ്റ മുറിവുകള്‍ ആഴത്തിലുള്ളതായതിനാല്‍ മൂന്നു പേരെയും വിദഗ്ധചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു. കാലിലും കയ്യിലും, നെഞ്ചിലുമായാണ് നായയുടെ കടിയേറ്റ് ആഴത്തിലുള്ള മുറിവേറ്റത്. നായപ്പേടിയില്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും കൂടെ പോവുകയാണ്.