നാടിന്റെ പ്രാർത്ഥന വിഫലം; അഖിൽ രാജ് മരണത്തിന് കീഴടങ്ങി



ഗുരുതരാവസ്ഥയിൽ കെഎസ്ആർടിസി ബസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

മാനന്തവാടി: രക്തധമനിയിൽ വീക്കം ബാധിച്ച് അമിത രക്തസ്രാവമായി ചികിത്സയിൽ കഴിയുകയായിരുന്ന തൃശിലേരി ആനപ്പാറ താനിവിള വീട്ടിൽ അഖിൽ രാജ് (28) മരണപ്പെട്ടു. ചികിത്സാർത്ഥം കോഴിക്കോട് മെഡിക്കൽ കോളേജിലായിരുന്ന അഖിൽ രാജ് കെഎസ്ആർടിസി  ബസ്സിൽ തിരിച്ചു വരുന്നവഴി മാനന്തവാടി ടൗണിലെത്തിയപ്പോൾ ബസ്സിൽ വെച്ച് ചോര ഛർദിക്കുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ ഇ.പ്രശാന്ത കുമാറിന്റെയും, കണ്ടക്ടർ വി.ടി ദീപുവിൻ്റേയും നേതൃത്വത്തിൽ അഖിലിനെ  അതേ ബസ്സിൽ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. അസുഖ ബാധിതനായിരുന്ന അഖിൽ  രാജിന്റെ ശസ്ത്രക്രിയക്കായി നാട്ടുകാർ ചികിത്സാ ധനസഹായ കമ്മിറ്റി രൂപീകരിച്ച് സഹായങ്ങൾ സ്വീകരിച്ച് വരികയായിരുന്നു. രാജൻ-സുശീല ദമ്പതികളുടെ മകനാണ് അഖിൽ രാജ്. അജു രാജ് ഏക സഹോദരനാണ്.

Post a Comment

Previous Post Next Post