ലോറികൾ കൂട്ടിയിടിച്ച് അപകടം; കണ്ടെയ്നർ ലോറിയുടെ ക്യാബിൻ പൂർണ്ണമായും തകർന്നു

 


തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ ലോറികൾ കൂട്ടിയിടിച്ച് അപകടം. കോയമ്പത്തൂരിൽ നിന്നും കൊച്ചിയിലേയ്ക്ക് പോയിരുന്ന കണ്ടെയ്‌നർ ലോറി മുന്നിൽ പോയിരുന്ന ഇരുമ്പ് കമ്പികൾ കയറ്റിയ ലോറിയിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ വിജയനെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്നലെ രാത്രി 11.30 ഓടെ തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. മുന്നിൽ പോയിരുന്ന ലോറി ദേശീയപാതയിൽ നിർത്താൻ ശ്രമിക്കുന്നതിനിടെ കണ്ടെയ്‌നർ ലോറി പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിൻ പൂർണ്ണമായും തകർന്നു. കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന റോസ്‌ലൈൻ എന്ന കമ്പനിയുടെ കണ്ടെയ്‌നർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇതേ കമ്പനിയുടെ മറ്റൊരു കണ്ടെയ്‌നർ ലോറിയാണ് രണ്ടാഴ്ച മുൻപ് മേൽപ്പാതയിൽ അപകടത്തിൽപ്പെട്ടത്. അന്ന് ക്യാബിനിൽ കുടങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന എത്തി ഒന്നേകാൽ മണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്.


അപകടത്തെ തുടർന്ന് തൃശൂരിൽ നിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി ദേശീയപാത കഴുകി വൃത്തിയാക്കി. പീച്ചി പോലീസ്, ദേശീയപാത റിക്കവറി വിങ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post