തൃശ്ശൂർ എടക്കഴിയൂരിൽ ടാങ്കർ ലോറി കാറുകളും ട്രാൻസ്‌ഫോമറും ഇടിച്ചു തകർത്തു – രണ്ടു പേർക്ക് പരിക്ക്

 



എടക്കഴിയൂർ  : ടാങ്കർ ലോറി കാറുകളും ട്രാൻസ്‌ഫോമറും ഇടിച്ചു തകർത്തു.  രണ്ടു പേർക്ക് പരിക്ക്. കാർ യാത്രികരായ കുന്നംകുളം സ്വദേശി തെക്കേതുറക്കൽ അശ്വതി (24). കോഴിക്കോട് ഫറൂഖ് സ്വദേശി സിന്ധു (44) എന്നിവർക്കാണ് പരിക്കേറ്റത്. ചാവക്കാട് മസ്രൂയ് ആമ്പുലൻസും എടക്കഴിയൂർ ലൈഫ്കെയർ ആമ്പുലൻസും ചേർന്ന് പരിക്കേറ്റവരെ ചാവക്കാട് ഹയാത് ആശുപത്രിയിൽ എത്തിച്ചു. സാരമായ പരിക്കേറ്റ അശ്വതിയെ പിന്നീട് തൃശൂർ അമല ആശുപത്രിയിലേക്ക് കൊണ്ടുപോയി.


ഇന്ന് വൈകുന്നേരം നാലര മണിയോടെ എടക്കഴിയൂർ ഹൈസ്‌കൂളിന് സമീപം ദേശീയപാതയിലാണ് അപകടം. പൊന്നാനി ഭാഗത്ത് നിന്നും വന്നിരുന്ന ടാങ്കർ ലോറി ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാറിൽ ഇടിക്കുകയും റോഡരികിലെ ട്രാൻസ്‌ഫോമറിന്റെ കാലുകൾ ഇടിച്ചു തകർക്കുകയും ചെയ്തു. അതേ ദിശയിൽ വരികയായിരുന്ന മറ്റൊരു കാറും അപകടത്തിൽ പെട്ടു. രണ്ടു കാറുകളിലേയും സ്ത്രീകൾക്കാണ് പരിക്കേറ്റത്.


ടാങ്കർ ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതായി പറയുന്നു. ഇയാൾക്ക് നാട്ടുകാരിൽ നിന്നും മർദ്ദനമേറ്റിട്ടുണ്ട്. ചാവക്കാട് ഹൈവേ പോലീസ് സ്ഥലത്തെത്തി. കെ എസ് ഇ ബി ജീവനക്കാർ ട്രാൻസ്‌ഫോർമർ കാലുകൾ മാറ്റി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുന്നു.

Post a Comment

Previous Post Next Post