ചെങ്ങന്നൂര്‍: എറണാകുളത്ത് നിന്ന് എടപ്പോണിലേക്ക് പാലുമായി പോയ വാൻ നിയന്ത്രണം വിട്ട് റോഡ് നിരപ്പില്‍ നിന്ന് എട്ടടി താഴ്ചയിലുള്ള വീടിനു മുകളിലേക്ക് മറിഞ്ഞു
വാൻ ഡ്രൈവര്‍ക്കും സഹായിക്കും പരുക്കേറ്റു. ഇരുവരേയും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയതിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വാൻ ഡ്രൈവര്‍ പെരിങ്ങലിപ്പുറം സ്വദേശി അഖില്‍ (22 ) സഹായി പാറ്റൂര്‍ സ്വദേശി അജു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ തേനി - കൊല്ലം റോഡില്‍ പെണ്ണുക്കര പണിപ്പുരപ്പടിയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമീക വിലയിരുത്തല്‍.വാൻ പെണ്ണുക്കര, കുഴവൻതറയില് ചാക്കോ സാമുവലിന്റെ വീടിന് മുകളിലേക്കാണ് പതിച്ചത്. ആ സമയം സിറ്റൗട്ടില്‍ പത്രം വായിച്ചു കൊണ്ടിരുന്ന ചാക്കോ അത്ഭുതകരമായി രക്ഷപെട്ടു. ഇവിടെ ചാക്കോയുടെ മാതാവും, ഭാര്യയും രണ്ട് കുട്ടികളുമാണ് താമസിക്കുന്നത്.