തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്കൂട്ടര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ യുവതിക്ക് ഗുരുതര പരിക്ക്. റോഡിലേക്ക് തെറിച്ച് വീണ യുവതിയുടെ കാലിലൂടെ കരിങ്കല്ലുമായി വന്ന ടിപ്പര്‍ ലോറി കയറിയിറങ്ങി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയാേടെ വിഴിഞ്ഞം ജംഗഷന് സമീപമാണ് അപകടമുണ്ടായത്. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശി രജ്ഞിത്തിന്റെ ഭാര്യ സിന്ധു റാണിക്കാണ് (37) ഗുരുതര പരിക്കേറ്റത്.
അഞ്ച് വയസുകാരനായ മകനെ ആശുപത്രിയില്‍ കാണിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് കോവളത്ത് നിന്ന് തുറമുഖ നിര്‍മ്മാണത്തിന് കരിം കല്ലുമായെത്തിയ ടിപ്പര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു.
ലോറിയുടെ പിൻ ചക്രങ്ങള്‍ യുവതിയുടെ കാലില്‍ കൂടി കയറിയിറങ്ങി. കൂടെയുണ്ടായിരുന്ന കുട്ടി എതിര് ദിശയിലേക്ക് വീണതിനാല്‍ വലിയ അപകടം ഒഴിവായി. അരക്ക് താഴെ ഗുരുതരമായി പരിക്കേറ്റ സിന്ധു റാണിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.