താനൂർ കഴിഞ്ഞ ദിവസം രാത്രി മകളുടെ ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ പരിക്കുപറ്റി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു.താനൂർ മൂലക്കൽ പണ്ടാരവളപ്പ് മുത്തംപറമ്പിൽ ജയ(50)ആണ് ഇന്ന് വൈകുന്നേരം മരണപ്പെട്ടത്.
വേർപിരിഞ്ഞു കഴിയുകയായിരുന്ന ഭാര്യയുടെയും ഭാര്യയുടെ മാതാപിതാക്കളുടെയും നേരെ യുവാവ് നടത്തിയ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ജയ.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഭാര്യയെയും ഭാര്യ പിതാവിനെയും മാതാവിനെയും അക്രമിച്ചതിന് ശേഷം പൊലീസിൽ കീഴടങ്ങിയ കെ.പുരം പൊന്നാട്ടിൽ പ്രദീപ് (38) റിമാൻഡിലാണുള്ളത്.
തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ മൂലക്കൽ ചേന്ദംകുളങ്ങര റോഡിൽ വെച്ച് ഭാര്യയായ രേഷ്മ (30) യേയും ഭാര്യാപിതാവ് വേണു (55 ) വിനെയും കൈയ്യിൽ കരുതിയ ഇരുമ്പു വടിയുമായി ആക്രമിച്ചതിന് ശേഷമാണ് ഇയാൾ തൊട്ടടുത്തുള്ള ഭാര്യ വീട്ടിലെത്തി ഭാര്യമാതാവായ ജയയെ അക്രമിച്ചത്.
വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് രക്തമൊലിപ്പിച്ച നിലയിൽ ജയയെ കണ്ടെത്തിയത്. ഉടൻ ഇവരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അക്രമത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തിയ പ്രതി താൻ ഭാര്യയും ഭാര്യയുടെ മാതാപിതാക്കളുമുൾപ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു കീഴടങ്ങിയത്.മൂന്ന് പേരും അക്രമത്തിൽ മരണപ്പെട്ടിടുണ്ടാകുമെന്നായിരുന്നു പ്രതി വിശ്വസിച്ചിരുന്നത്.
വേർപിരിഞ്ഞു കഴിയുന്ന ഭാര്യ കൂടെ താമസിക്കാൻ തയ്യാറാകാത്തതും കുട്ടിയെ വിട്ടു നൽകാത്തതുമാണ് ഇയാളെ അക്രമത്തിന് പ്രേരിപ്പിച്ചത്. ഇയാളുടെ അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ രേഷ്മ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ അബോധാവസ്ഥയിൽ തുടരുകയാണ്. രേഷ്മയുടെ പിതാവ് വേണുവിനെ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണപ്പെട്ട ജയ പൊതുപ്രവർത്തകയും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായിരുന്നു. രഞ്ജിത് മകനാണ്.
പ്രദീപിനെതിരെ നേരത്തെ വധശ്രമത്തിന് 307 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇപ്പോൾ കൊലക്കുറ്റത്തിന് ഐപിസി 302 വകുപ്പ് പ്രകാരം കേസെടുത്തതായി എസ്ഐ ജലീൽ കറുത്തേടത്ത് അറിയിച്ചു.