പാട്യത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ അടുക്കള കത്തിനശിച്ചു; വീട്ടിലുണ്ടായിരുന്നവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

 


കണ്ണൂര്‍: കതിരൂരിനടുത്തെ പാട്യത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു വൻ അപകടം. ദുരന്തമൊഴിവായത് പ്രദേശവാസികള്‍ക്ക് ആശ്വാസമായി.പാട്യം പഞ്ചായത്തിലെ മൊകേരി കൂരാറയില്‍ വീട്ടിലെ അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു.

വീട്ടുകാര്‍ തലനാരിഴയ്ക്കുരക്ഷപ്പെട്ടു.ഞായറാഴ്‌ച്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം.


എ.കെ.ജി നഗറില്‍ കുളത്തിനു സമീപം കുനിയില്‍ വരപ്രത്ത് ലീലയുടെ വീട്ടിലെ ഫ്രിഡ്ജാണ് പുലര്‍ച്ചെ രണ്ടുമണിയോടെ പൊട്ടിത്തെറിച്ചത്. വീടിന്റെ മുകള്‍ നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ലീലയുടെ മകൻ ബൈജു ഭാര്യ റീന സഹോദരൻ സജു എന്നിവര്‍ക്ക് ഉറക്കത്തില്‍ ശക്തമായ ശ്വാസംമുട്ടല്‍ അനുഭവപ്പെടാൻ തുടങ്ങിയതോടെയാണ് ഉണര്‍ന്നത്. മുകള്‍നിലയിലെ മുറികളിലേക്ക് ശക്തമായ പുക അടിച്ചു കയറിയതോടെയാണ് അപകടം നടന്നത് വ്യക്തമായത്.

താഴത്തെ നിലയിലേക്ക് ഇറങ്ങാൻ പറ്റാത്ത സാഹചര്യം കാരണം സണ്‍ഷെഡ് വഴിയാണ് ഇവര്‍ പുറത്തേക്ക് ഇറങ്ങിയത്. ഇവര്‍ കൃത്യമായ സമയത്ത് ഉറക്കം ഞെട്ടിയില്ലായിരുന്നുവെങ്കില്‍ വൻദുരന്തം തന്നെ നടക്കുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വീട്ടുടമസ്ഥ ലീല ബന്ധുവീട്ടില്‍ പോയിരുന്നതിനാല്‍ താഴത്തെ നിലയില്‍ ആളില്ലാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുകയായിരുന്നു.

വീടിന്റെ അടുക്കള പൂര്‍ണമായും കത്തിനശിച്ചു.വീട്ടുപകരണങ്ങളും ഉപയോഗശൂന്യമായിട്ടുണ്ട്.വയറിങ് സംവിധാനവും പൂര്‍ണമായി കത്തിനശിച്ചു. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്ടംസംഭവിച്ചതായി കണക്കാക്കുന്നു. വീടിന്റെ ഇലക്‌ട്രിസിറ്റ് സംവിധാനങ്ങളും തകരാറിലായിട്ടുണ്ട്.ചുമരുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ കെ.വി മുകുന്ദന്റെ നേതൃത്വത്തിലുള്ള സംഘം അപകടത്തിലുള്ള വീടുകള്‍ സന്ദര്‍ശിച്ചു.

Post a Comment

Previous Post Next Post