തൃശ്ശൂർ മണ്ണുത്തി. ദേശീയപാത മുളയം റോഡിൽ ഡോൺബോസ്‌കോ സ്‌കൂളിന് മുന്നിൽ കാറിടിച്ച് സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്. ഒമ്പതാം ക്ലാസ് വിദ്യാർഥിനി മാടക്കത്തറ സ്വദേശിനിയായ ലക്ഷ്മി ലാലിനാണ് പരിക്കേറ്റത്. ദേശീയപാത കുറുകെ കടക്കുകയായിരുന്ന വിദ്യാർഥിനിയെ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാർ വന്ന് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ കുട്ടിയെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയക്ക് രണ്ടുമണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. കാർ അമിതവേഗതയിലായിരുന്നു എന്നും ഡ്രൈവർ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
ദേശീയപാത കുറുകെ കടക്കുന്ന വിദ്യാർഥികളുടെ സുരക്ഷയ്ക്ക് വേണ്ട യാതൊരു സംവിധാനങ്ങളും സ്‌കൂൾ അധികൃതർ ഒരുക്കുന്നില്ലെന്ന പരാതിയും രക്ഷിതാക്കൾക്കുണ്ട്. ദേശീയപാത കുറുകെ കടക്കാൻ സ്‌കൈവാക്ക് നിർമ്മിക്കുമെന്ന് ദേശീയപാത അധികൃതർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഡിസംബർ മാസത്തിൽതന്നെ നിരവധിപേരാണ് ദേശീയപാത കുറുകെ കടക്കുന്നതിനിടെ അപകടത്തിൽ പെട്ടിട്ടുള്ളത്.