പാലക്കാട്: ദേശീയപാതയില്‍ കണ്ണാടി മണലൂര്‍ ബസ് സ്റ്റോപ്പിന് സമീപം ബസ്സിടിച്ച് അരേക്കല്‍പുരം വീട്ടില്‍ പൊന്നുക്കുട്ടി (85) മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ കസ്റ്റഡിയില്‍.
കോയമ്ബത്തൂര്‍ സ്വദേശി അഖിലാണ് (25) കസ്റ്റഡിയിലുള്ളത്. ഇയാള്‍ക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. തമിഴ്നാട് രജിസ്ട്രേഷനിലുള്ള സ്വകാര്യബസും അടുത്തദിവസം കസ്റ്റഡിയിലെടുക്കും.
വേലൂരില്‍നിന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരെയുംകൊണ്ട് പോകുകയായിരുന്ന ബസ്സാണ് വയോധികയെ ഇടിച്ചിട്ടത്. ഞായറാഴ്ച പുലര്‍ച്ചെ 1.45-നായിരുന്നു അപകടം. പാലക്കാട് സൗത്ത് പോലീസാണ് കേസന്വേഷിക്കുന്നത്. അപകടം നടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനം തിരിച്ചറിഞ്ഞത്.
വീട്ടില്‍നിന്ന് അര കിലോമീറ്റര്‍ അകലെ റോഡ് മുറിച്ചുകടക്കുമ്ബോഴാണ് പൊന്നുകുട്ടി അപകടത്തില്‍പ്പെട്ടത്. ബസ്സിടിച്ചിട്ട ശേഷവും വയോധികയുടെ ദേഹത്തുകൂടെ വാഹനങ്ങള്‍ കയറിയിറങ്ങിപ്പോയതായി സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് കണ്ടെത്തി. ഞായറാഴ്ച രാവിലെ ദേശീയപാത പരിപാലനജോലികള്‍ ചെയ്യുന്നവര്‍ മൃതശരീരമാണെന്ന് അറിയാതെ അവശിഷ്ടങ്ങള്‍ റോഡരികിലേക്ക് നീക്കിയിട്ടിരുന്നു. മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞതോടെ പാലക്കാട് അഗ്നിരക്ഷാസേനയെത്തി അവശിഷ്ടങ്ങളും രക്തക്കറയും നീക്കം ചെയ്യുകയായിരുന്നു.
ഞെട്ടല്‍ മാറാതെ കുടുംബം
'ഒരു തവണയോ നോക്കിയുള്ളൂ...അമ്മ ഉപേയാഗിക്കാറുള്ള കറുത്ത മുണ്ടും മോതിരവും തൊട്ടടുത്ത് കൈവിരലും കണ്ടതോടെ കണ്ണുചിമ്മി.. പിന്നെ നോക്കിയില്ല....' വാഹനാപകടത്തില്‍ മരിച്ച പൊന്നുകുട്ടിയുടെ മൃതദേഹം തിരിച്ചറിഞ്ഞത് പറയുമ്ബോള്‍ കലാധരന്റെ തൊണ്ടയിടറി. പൊന്നുകുട്ടിയുടെ മൂത്ത മകനാണ് കലാധരൻ.
ബന്ധുക്കളുടെയോ കൂട്ടുകാരുടെയോ വീട്ടില്‍ കിടന്നുറങ്ങി രാവിലെ തിരിച്ചുവരുന്ന പതിവുണ്ട് അമ്മയ്ക്ക്. അതുകൊണ്ടാണ് രാത്രി അന്വേഷിക്കാഞ്ഞത്. ഓര്‍മക്കുറവൊന്നും ഉണ്ടായിരുന്നില്ല. രാത്രി എട്ടരയോടെ സമീപപ്രദേശങ്ങളില്‍ കണ്ടതായി സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞിരുന്നു.
ദേശീയപാതയില്‍ അപകടം നടന്നതറിഞ്ഞ് സംശയം തോന്നിയ സുഹൃത്തുക്കള്‍ രാവിലെ പത്തോടെ വിളിച്ചപ്പോഴാണ് പോയിനോക്കിയത്- കലാധരൻ പറഞ്ഞു.