തിരു.: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു. നവകേരള സദസിനെതിരായ പ്രതിഷേധത്തിനിടെ ആയിരുന്നു സംഭവം. കാലിന് ഗുരുതരമായി പരിക്കേറ്റ കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂർവം ആൻസല ദാസന്റെ കാലിലൂടെ കയറ്റിയതായി വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. നവകേരള യാത്ര തിരുവനന്തപുരം ജില്ലയിൽ പുരോഗമിക്കുന്നതിനിടെ, കാട്ടാക്കടയിൽവച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനുള്ള ശ്രമത്തിലാണ് അകമ്പടി വാഹനം അപകടമുണ്ടാക്കിയത്. കരിങ്കൊടി കാണിക്കുകയായിരുന്ന പ്രവർത്തകർക്കിടയിലേക്ക് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. വാതിൽ തുറന്നുപിടിച്ച നിലയിലാണ് വാഹനം ഓടിച്ചുകയറ്റിയത്. വാഹനത്തിന്റെ വാതിലിൽത്തട്ടി നിലത്തുവീണ ആൻസല ദാസനെ പിന്നാലെ വന്ന ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയും ചെയ്തു. ഇതിനിടെ പൊലീസാണ് ഇയാളെ വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആദ്യം നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെങ്കിലും, പരിക്ക് ഗുരുതരമായതിനാൽ, തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.