ഭക്ഷണവും വെള്ളവുമില്ലാതെ മണിക്കൂറുകള്‍; കലോത്സവത്തിനിടെ ഒറ്റദിവസം കുഴഞ്ഞുവീണത് 69 വിദ്യാര്‍ഥികള്‍



കോട്ടയ്ക്കല്‍: ഓരോ കലോത്സവവും കുട്ടികളോടുള്ള മനുഷ്യാവകാശലംഘനംകൂടിയാകുന്ന കാഴ്ചകള്‍ കൂടുന്നു. ഇതില്‍ പ്രധാന പ്രതികളാകുന്നത് രക്ഷിതാക്കളും അധ്യാപകരും തന്നെ.

മലപ്പുറം ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ വ്യാഴാഴ്ച മാത്രം കുഴഞ്ഞുവീണത് 69 കുട്ടികളാണ്. ഇതില്‍ 68 പേരും പെണ്‍കുട്ടികള്‍. നൃത്ത ഇനങ്ങളിലാണ് ഇത് കൂടുതല്‍. വെള്ളിയാഴ്ച അൻപതോളംപേര്‍ കുഴഞ്ഞുവീണു.


കുട്ടികള്‍ക്ക് സംഭവിക്കുന്നതെന്താണെന്ന് കലോത്സവനഗരിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയിലെ ഡോ. ഷബീബ ഷെറിൻ പറയുന്നു. രാവിലെമുതല്‍ മേക്കപ്പിട്ടിരിക്കുകയാണ് കുട്ടികള്‍. മേക്കപ്പ് സാമഗ്രികള്‍ പലതും രോമകൂപങ്ങള്‍ അടയ്ക്കും. ഇത് ശരീരത്തിന് ചൂടുകൂട്ടും. തങ്ങളുടെ ഇനം എപ്പോള്‍ വരുമെന്ന് ഒരു ധാരണയുമില്ല. ഭക്ഷണം കഴിച്ചാലും വെള്ളം കുടിച്ചാലും വയര്‍ കൊളുത്തിപ്പിടിക്കുമെന്നുപറഞ്ഞ് ചില രക്ഷിതാക്കളും അധ്യാപകരും അത് നിരുത്സാഹപ്പെടുത്തും.

ചെറിയ കുട്ടികള്‍ക്ക് അംഗലാവണ്യമുണ്ടാക്കാൻവേണ്ടി പാഡും ഉടുത്തുകെട്ടുമെല്ലാമായി വരിഞ്ഞുമുറുക്കുന്നു. ഇത് ശരിയായി ശ്വസിക്കാൻപോലും കഴിയാതെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കൂട്ടും. ലിപ്സ്റ്റിക് ഇളകുമോ എന്നു ഭയന്ന് വെള്ളം കുടിക്കാതിരിക്കുന്നു ചിലര്‍. ഇതെല്ലാം കടുത്ത നിര്‍ജലീകരണമുണ്ടാക്കും. ഡസൻ കണക്കിന് പിന്നുകളുപയോഗിച്ചാണ് ഈ വേഷങ്ങള്‍ കുത്തിക്കെട്ടുന്നത്. അതഴിക്കുന്ന സമയത്ത് നഴ്സുമാരുടെ കൈകളില്‍ മുഴുവൻ മുറിവാണ്.


ആര്‍ത്തവദിനങ്ങള്‍ക്കിടെ നൃത്തപരിപാടികള്‍ക്കു വരുന്ന കുട്ടികള്‍ക്ക് ഇതൊന്നും താങ്ങാനാവില്ല. ഹൈപ്പോഗ്ലൈസീമിയ കാരണമാണ് കൂടുതല്‍ കുട്ടികളും കുഴഞ്ഞുവീഴുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു ഗ്ലാസ് മധുരമുള്ള പാനീയം കൊടുത്താല്‍ത്തന്നെ പരിഹരിക്കാവുന്നതാണ് ഈ പ്രശ്നം.

മാനസികസമ്മര്‍ദവും ഒരു പ്രധാന വില്ലനാണ്. ഡ്രിപ്പ് നല്‍കി ഉൻമേഷവതിയായ ഒരു പെണ്‍കുട്ടി ഫലം പ്രതികൂലമാണെന്നറിഞ്ഞതോടെ വീണ്ടും കുഴഞ്ഞുപോയതായി ഡോക്ടര്‍ പറയുന്നു.

Post a Comment

Previous Post Next Post