ജില്ലയില്‍ ഈ വര്‍ഷം 67 മുങ്ങിമരണം



മലപ്പുറം: ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 67 മുങ്ങിമരണങ്ങളെന്ന് അഗ്നിരക്ഷാ സേനയുടെ കണക്കുകള്‍.

രണ്ടാഴ്ചക്കിടെ മാത്രം പത്തോളം മുങ്ങിമരണങ്ങളുണ്ടായി. താനൂരിലാണ് ഏറ്റവും കൂടുതല്‍ മുങ്ങിമരണം റിപ്പോര്‍ട്ട് ചെയ്തത്. തൂവല്‍തീരത്ത് മേയ് ഏഴിന് നടന്ന ബോട്ടപകടത്തില്‍ 22 പേര്‍ മരിച്ചതുള്‍പ്പെടെ 26 മുങ്ങിമരണങ്ങളാണ് ഇവിടെ നടന്നത്. ഒരു മുങ്ങിമരണം മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തിരുവാലിയിലാണ് കുറവ് കേസുകള്‍. അതിസാഹസികതയും ഒഴുക്കിന്റെ ശക്തിയറിയാതെ ജലാശയത്തിലിറങ്ങുന്നതും നീന്തല്‍ അറിയാത്തതും പരിശീലിക്കാതെ തന്നെ നീന്താം എന്ന് വിചാരിക്കുന്നതും മദ്യപിച്ച്‌ ജലാശയത്തില്‍ ഇറങ്ങുന്നതും മുങ്ങിമരണത്തിന് പ്രധാന കാരണമാണ്. അഗ്നിരക്ഷാ സേനയുടെ കണക്കില്‍പ്പെടാത്ത മുങ്ങിമരണങ്ങളുടെ കൂടി കണക്കെടുത്താല്‍ മരണസംഖ്യ ഇനിയും ഉയരും.


ഫയര്‍ സ്റ്റേഷൻ- മുങ്ങിമരണം


താനൂര്‍ - 26

പെരിന്തല്‍മണ്ണ - 7

മലപ്പുറം - 8

മഞ്ചേരി - 3

നിലമ്ബൂര്‍ - 5

തിരൂര്‍ - 15

തിരുവാലി - 1

പൊന്നാനി - 2


മിടിപ്പ് തുടരണം ജലാശയാപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സിവില്‍ ഡിഫൻസുമായി സഹകരിച്ച്‌ അഗ്നിസുരക്ഷാ സേനയുടെ നേതൃത്വത്തില്‍ 'മിടിപ്പ്' എന്ന പേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്ക്കരണ പരിപാടികളും നീന്തല്‍ പരിശീലനവും നല്‍കിവരുന്നുണ്ട്. നവംബര്‍ 14ന് ശിശുദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. 101 സിവില്‍ ഡിഫൻസ് അംഗങ്ങളെയും അഗ്നിരക്ഷാ സേനയിലെ എട്ട് ഉദ്യോഗസ്ഥരെയും പരിശീലനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. പരിശീലനത്തിനായി സുരക്ഷിതമായ നീന്തല്‍ക്കുളങ്ങള്‍ ലഭ്യമായ വിദ്യാലയങ്ങള്‍ക്ക് തൊട്ടടുത്ത അഗ്നിരക്ഷാ സേനയെ ബന്ധപ്പെട്ടാല്‍ സൗജന്യ പരിശീലനം ലഭിക്കും.

ശരിയായ വിധം വാമിംഗ് അപ് നടത്താതെ നീന്തുന്നതിനാല്‍ നീന്തലറിയുന്നവര്‍ തന്നെ അപകടത്തില്‍പ്പെടുന്നുണ്ട്. ക്ഷീണിക്കുന്നത് ശ്രദ്ധിക്കാതെ ദീര്‍ഘനേരം നീന്തുന്നത് അപകടത്തിലേക്ക് നയിക്കും. സാമൂഹ്യ മാദ്ധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന ടൂറിസ്റ്റ് ഇടങ്ങളുടെ വീഡിയോ കണ്ട് യാതൊരു സുരക്ഷയുമില്ലാത്ത ജലാശയങ്ങളില്‍ നീന്തുന്നത് വലിയ അപകടം സൃഷ്ടിക്കും.


ഇ.കെ.അബ്ദുള്‍ സലീം, സ്റ്റേഷൻ ഓഫീസ‌ര്‍, ഫയര്‍ ആൻഡ് റെസ്‌ക്യൂ മലപ്പുറം

Post a Comment

Previous Post Next Post