കാസര്‍കോട് ചന്ദ്രഗിരിപ്പുഴയില്‍ ചാടിയ ഹോട്ടല്‍ വ്യാപാരിയുടെ മൃതദേഹം കാസര്‍കോട് ഹാര്‍ബര്‍ ഭാഗത്ത് കണ്ടെത്തി

 


കാസര്‍കോട്: ചന്ദ്രഗിരി പുഴയില്‍ ചാടിയ ഹോട്ടല്‍ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. കാസര്‍കോട് സിറ്റിടവറിന് സമീപം ജ്യൂസ് മഹല്‍ എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന ഉളിയത്തടുക്ക റഹ്‌മത്ത് നഗര്‍ ദാറുല്‍ഷിഫാ മന്‍സിലിലെ ബി.എം ഹസൈനാറി(46)ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ പത്ത് മണിയോടെ കാസര്‍കോട് ഹാര്‍ബറിന് സമീപം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

വര്‍ഷങ്ങളായി കാസര്‍കോട്ട് ഹോട്ടല്‍ വ്യാപാരം നടത്തിയിരുന്ന ഹസൈനാര്‍ ഇന്നലെ രാവിലെ ആറ് മണിയോടെയാണ് ചന്ദ്രഗിരി പാലത്തില്‍ കാര്‍ നിര്‍ത്തി പാലത്തിന് സമീപം ചെരിപ്പ് അഴിച്ചുവെച്ച ശേഷം പുഴയിലേക്ക് ചാടിയത്. ഇത് ശ്രദ്ധയില്‍പെട്ടവര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്‍ പുഴയില്‍ തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് രാവിലെയും തിരച്ചില്‍ തുടര്‍ന്നുവരികയായിരുന്നു. അതിനിടെയാണ് കാസര്‍കോട് ഹാര്‍ബറിന് സമീപം മൃതദേഹം കണ്ടത്. ഹസൈനാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് വിവരം. ഇതുസംബന്ധിച്ച് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

പരേതരായ മുഹമ്മദിന്റെയും ഉമ്മാലിമ്മയുടേയും മകനാണ്. ഭാര്യ: ഫസീല. മക്കള്‍: അല്‍ഫാസ്, ആസിഫ്, നുസ, ഹാഷിം, സഹല്‍. സഹോദരങ്ങള്‍: നസീര്‍, നൗഫല്‍, നജ്‌ല.

Post a Comment

Previous Post Next Post