താമരശ്ശേരി: ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് വീണ് യുവതി മരിച്ചു. വയനാട് കല്‍പ്പറ്റ മുട്ടില്‍ പാറക്കല്‍ രായിന്‍ മരക്കാര്‍ വീട്ടില്‍ ശിഹാബുദ്ദീന്റെ ഭാര്യ പരിയാരം ഉപ്പൂത്തിയില്‍ കെ പി റശീദ (35) ആണ് മരിച്ചത്.
കുട്ടികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റു. മക്കളായ മുഹമ്മദ് നിഷാദ് (19), മുഹമ്മദ് ഷാന്‍ (14), മുഹമ്മദ് ഷഫിന്‍ (എട്ട്), ശിഹാബിന്റെ സഹോദരി ആസ്യ(42), മകന്‍ ജിന്‍ഷാദ് (22), സഹോദരി ശാഹിനയുടെ മകള്‍ റിയ (18), അസ്‌ലം (22), ഷൈജല്‍ (23) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചുരം രണ്ടാം വളവിന് താഴെ രാത്രി ഒമ്ബത് മണിയോടെയായിരുന്നു അപകടം. ഉംറക്ക് പോയ ശാഹിനയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറക്കി മടങ്ങുന്നതിനിടെ ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് നൂറ് മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. സംരക്ഷണഭിത്തി തകര്‍ന്ന് അറ്റകുറ്റപ്രവൃത്തി കാത്തുകിടന്ന സ്ഥലത്ത് കൂടിയാണ് കാര്‍ നിയന്ത്രണം വിട്ട് താഴോട്ട് പതിച്ചത്. എതിരെ വന്ന ലോറിയില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ പെട്ടെന്ന് വെട്ടിക്കവെ റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാറിന് മുകളിലേക്ക് പനയും പാറയും മറിഞ്ഞുവീണത് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായി. റശീദ കല്ലിനും പനക്കും അടിയിലകപ്പെടുകയും ചെയ്തു. കാറിലുണ്ടായിരുന്നവരില്‍ മിക്കവരും വീഴ്ചയുടെ ആഘാതത്തില്‍ കാറിന് പുറത്തേക്ക് തെറിച്ചുവീണു.
മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്.