വീട്ടിലുള്ളവർ പള്ളിയിൽ പോയി.. തിരികെ വന്നപ്പോൾ ഗൃഹനാഥൻ കൊല്ലപ്പെട്ട നിലയില്‍… സമീപത്ത് ചുറ്റിക കണ്ടെത്തി




തിരുവനന്തപുരം: കളിയിക്കാവിളയിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കളിയിക്കാവിള പരക്കുന്ന് കടയാറവിള വീട്ടിൽ ജയിംസിനെയാണ് (52) കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.ഇന്ന് രാവിലെ വീട്ടിലുള്ളവർ സമീപത്തെ പള്ളിയിൽ പോയിരുന്നു. സുഖമില്ലാത്തതിനാൽ ജയിംസ് വീട്ടിൽ തന്നെ വിശ്രമിക്കുകയായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. പള്ളിയിൽ ആരാധന കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ഭാര്യയും മക്കളുമാണ് ജയിംസ് മരിച്ച നിലയിൽ കട്ടിലിൽ കിടക്കുന്നത് കണ്ടെത്തിയത്. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികൾ പളുകൽ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ജയിംസിനെ ചുറ്റിക കൊണ്ടു തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.ഇതിന് പുറമെ ജയിംസിന്റെ കൈയ്യിലുണ്ടായിരുന്ന മൂന്നു മോതിരങ്ങളും, മാലയും, വീട്ടിൽ ഉണ്ടായിരുന്ന പണവും മോഷണം പോയതായും പൊലീസ് പറഞ്ഞു. കൊലപ്പെടുത്താൻ ഉപയോഗിച്ച ചുറ്റിക സമീപത്തു നിന്നും പോലീസ് കണ്ടെത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ജയിംസിന്റെ കൈവശം ഉണ്ടായിരുന്ന മാലയും , മോതിരവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ജയിംസ് പ്രതിക്ക് പണം കടം കൊടുത്തതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. സ്പെഷ്യൽ പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു. അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല. ജയിംസിന്റ മൃതദേഹം കുഴിത്തുറെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Post a Comment

Previous Post Next Post