വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ പെട്ടിയ്ക്കുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ആറ് വയസുകാരന്‍ സോഹന്‍, ആറ് വയസുകാരി സൈറ. ഏഴ് വയസുള്ള ഫരിയ എന്നിവരാണ് മരിച്ചത്. കളിക്കുന്നതിനായി വീട്ടിലെ വലിയ പെട്ടിയ്ക്കുള്ളില്‍ കയറിയ കുട്ടികള്‍ക്ക് പിന്നീട് അത് തുറക്കാന്‍ കഴിയാതെ വന്നതോടെ കുടുങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലുള്ള ശാഹ് ഖാലിദ് കോളനിയിലായിരുന്നു സംഭവം.
കുട്ടികളെ മൂന്ന് പേരെയും ഏറെ നേരമായി കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടിലും പരിസരത്തുമെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. തെരച്ചിലിനിടെ ഒരു മുറിയുടെ മൂലയില്‍ കിടന്നിരുന്ന പെട്ടി കുടുംബാംഗങ്ങളില്‍ ഒരാളുടെ ശ്രദ്ധയില്‍ പെടുകയും തുറന്ന് നോക്കുകയുമായിരുന്നു. പെട്ടിയ്ക്കുള്ളില്‍ മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തിയതോടെ നാട് ഒന്നടങ്കം ദുഃഖത്തിലാഴ്ന്നു. വിവരം ലഭിച്ചതനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു. മൃതദേഹം പിന്നീട് പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.