കാസര്‍കോട്: കാസര്‍ഗോഡ് അധ്യാപിക, അഞ്ചര വയസുള്ള മകളുമൊന്നിച്ച് ജീവനൊടുക്കിയ സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍.
പ്രവാസിയായ ഭര്‍ത്താവിന്റെ പരാതിയിലാണ് ബാര സ്വദേശി സഫ്വാന്‍(29) അറസ്റ്റിലായത്.
കാസര്‍കോട് കളനാട് അരമങ്ങാനത്താണ് സംഭവം. സെപ്റ്റംബര്‍ 15 നാണ് കളനാട് സ്വദേശിയായ അധ്യാപിക റുബീന അഞ്ചര വയസുള്ള മകള്‍ ഹനാന മറിയം എന്നിവരെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സമൂഹമാധ്യത്തിലൂടെ പരിചയപ്പെട്ട അധ്യാപികയുമായി പ്രതി ഒന്‍പത് വര്‍ഷമായി പ്രണയത്തിലായിരുന്നു. അധ്യാപകന്‍ പ്രണയ ബന്ധം അവസാനിപ്പിച്ച് വിവാഹിതനാവാന്‍ തീരുമാനിച്ചതോടെയാണ് അധ്യാപിക മകളോടൊപ്പം ജീവനൊടുക്കിയത് എന്നാണ് പൊലീസ് കണ്ടെത്തല്‍.
ആത്മഹത്യ പ്രേരണ, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ പ്രവാസിയായ ഭര്‍ത്താവ് നല്‍കിയ പരാതിയുടേയും ബന്ധുക്കളുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
രണ്ട് പേരുടേയും മൊബൈല്‍ ഫോണുകള്‍ പൊലീസ് പരിശോധിച്ചതില്‍ പരസ്പരമുള്ള ചാറ്റുകള്‍ നശിപ്പിച്ചതായി കണ്ടെത്തി. ഇതോടെയാണ് യുവാവിനെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുത്തത്. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്റ് ചെയ്തു.