വഴിയോര കച്ചവടം ഒഴിപ്പിക്കാൻ ശ്രമിച്ച കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെ തിളച്ച പാല്‍ ഒഴിച്ചു നിരവധിപേര്‍ക്ക് പരിക്ക്



ചെങ്ങന്നൂര്‍: വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ കച്ചവടക്കാരി തിളച്ച പാല്‍ നഗരസഭ കൗണ്‍സിലര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരെ ഒഴിച്ചു.

റെയില്‍വേ സ്റ്റേഷനു മുൻവശം നടപ്പാതയില്‍ കച്ചവടം നടത്തിവന്ന തിട്ടമേല്‍ മോഴിയാട്ട് പ്രസന്നയുടെ മകള്‍ രാഖി ദിലീപാണ് തിളച്ചപാല്‍ നഗരസഭാ ജീവനക്കാരുടെ നേര്‍ക്ക് ഒഴിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ടി.കുമാരി, കൗണ്‍സിലര്‍ ശോഭ വര്‍ഗീസ്, ക്ലീൻ സിറ്റി മാനേജര്‍ ഇൻ ചാര്‍ജ് സി.നിഷ, ശുചീകരണ തൊഴിലാളികളായ എൻ.മുത്തുക്കുട്ടി, ബി.സുര, വി.ജോസഫ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. നഗരസഭാ ഉദ്യോഗസ്ഥര്‍ക്കു പുറമേ പൊലീസുകാരുടേയും നാട്ടുകാരുടേയും ദേഹത്ത് ചൂടുപാല്‍ വീണു. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് നഗരസഭ ക്ലീൻ സിറ്റി മാനേജര്‍ ഇൻ ചാര്‍ജ് സി.നിഷയുടെ നേതൃത്വത്തിലുളള സംഘം നഗരസഭ ഓഫീസിനു സമീപം റെയില്‍വേ സ്റ്റേഷൻ റോഡിലെ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്. റെയില്‍വേ സ്റ്റേഷനു മുൻവശം നടപ്പാത അടച്ച്‌ കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുന്നതിനിടയില്‍ പ്രസന്നയും മകള്‍ രാഖി ദിലീപും ചേര്‍ന്ന് ജീവനക്കാരുമായി തര്‍ക്കത്തിലായി.


ഇതിനിടയില്‍ രാഖി ദിലീപ് തിളച്ച പാല്‍ എടുത്ത് ജീവനക്കാരുടെ നേര്‍ക്ക് ഒഴിക്കുകയായിരുന്നു. വഴിയോര കച്ചവടക്കാരുടെ സംഘടനയിലെ സി.പി.എം നേതാക്കള്‍ സ്ഥലത്തെത്തി ജീവനക്കാരെ തടഞ്ഞു. തുടര്‍ന്ന് സിഐ.എ.സി വിപിന്റെ നേതൃത്വത്തിലുള്ള സംഘം ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ചൂടുപാലൊഴിച്ച സംഭവത്തില്‍ കച്ചവടക്കാരിക്കെതിരെ ചെങ്ങന്നൂര്‍  പൊലീസ് കേസെടുത്തു. പിന്നീട് കച്ചവടം നടത്തിയിരുന്ന പ്രസന്നയും മകള്‍ രാഖിയും സാധനങ്ങള്‍ വഴിയരുകില്‍ നിന്ന് എടുത്തു മാറ്റി.

Post a Comment

Previous Post Next Post