കൊല്ലം: പരവൂരിൽ പിതാവിനെ പെട്രോൾ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകൻ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ ഓട്ടോഡ്രൈവറായ എസ്.അനിൽകുമാറിനെ (52) പൊലീസ് കയ്യോടെ പിടികൂടി അറസ്‌റ്റ് രേഖപ്പെടുത്തി.മാതാവ് വസുമതിയുടെ കൺമുന്നിൽ വച്ചാണ് മകൻ പിതാവിനെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. സംഭവത്തിന് ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന അനിൽകുമാറിനെ പരവൂർ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്തു. രാവിലെ 11 മണിയോടെയാണ് സംഭവം. തന്റെ ഓട്ടോ റിക്ഷായ്ക്കും, മകന്റെ വിദേശ രാജ്യ പഠനത്തിനും ആവശ്യമായ പണം ആവശ്യപ്പെട്ടത് പിതാവ് നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. വർഷങ്ങളായി കിടപ്പ് രോഗിയാണ് പി.ശ്രീനിവാസൻ.