കാസർകോട് പൊയിനാച്ചി: കാണാതായ ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ചട്ടഞ്ചാല്‍ പാദൂര്‍ എസ്.സി കോളനിയിലെ പി ധനുഷ്(19) ആണ് മരിച്ചത്. ബേത്തൂര്‍ പാറ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്യൂണ്‍ ചന്ദ്രന്റെയും ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനടുത്തുള്ള ഗ്രീന്‍ ഡ്രീം പ്ലാന്റ്സ് ജീവനക്കാരി എം ശ്യാമളയുടെയും മൂത്തമകനായ ധനുഷിനെ വ്യാഴാഴ്ച വൈകിട്ട് 4.30 മണിമുതല്‍ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് ഇന്നലെ ധനുഷിന്റെ മാതാവ് മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെ ധനുഷിനെ പിന്നീട് വീടിന് സമീപത്തെ പറമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചട്ടഞ്ചാല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പ്ലസ്ടു വിജയിച്ച ധനുഷ് വിദ്യാനഗര്‍ ഗവ. ഐ.ടി.ഐയില്‍ രണ്ടുവര്‍ഷം ഇലക്ട്രീഷ്യന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ചെന്നൈയില്‍ പരിശീലനത്തിന് പോയിരുന്നു. ഭക്ഷണവും വെള്ളവും കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താല്‍ കഴിഞ്ഞ മാസം 17ന് ധനുഷ് തിരിച്ചെത്തി. ഇതിന് ശേഷം വീട്ടില്‍ തന്നെ കഴിയുകയായിരുന്നുവെന്ന് മാതാവ് പൊലീസിന് മൊഴി നല്‍കി. സഹോദരങ്ങള്‍: വിഷ്ണു, ജിഷ്ണു. മേല്‍പ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.