യിനില്‍ കയറുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട സൈനികന് അത്ഭുത രക്ഷപെടല്‍



തൃശ്ശൂര്‍: ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതി പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പെട്ട സൈനികന് അത്ഭുത രക്ഷപെടല്‍.

ബിഎസ്‌എഫ് സൈനികനായ ആലപ്പുഴ സ്വദേശി മാര്‍ട്ടിൻ തോമസ് ആണ് മരണത്തെ മുഖാമുഖം കണ്ട ശേഷം ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്തപ്പെട്ടത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയില്‍പ്പെട്ട സൈനികൻ അത്ഭുതകരമായി രക്ഷപ്പെട്ടത്. മാര്‍ട്ടിൻ ട്രെയിനിലേക്ക് കയറവേ പിടിവിട്ടു വീഴുന്നത് കണ്ട ആര്‍പിഎഫ് എസ്‌ഐയാണ് ഓടിയെത്തി പ്ലാറ്റ്ഫോമിലേക്ക് സൈനികനെ വലിച്ചിട്ടത്.

ജോലി സ്ഥലത്തു നിന്നും ബറോണി- എറണാകുളം എക്സ്പ്രസില്‍ നാട്ടിലേക്കുള്ള യാത്രയിലായിരുന്നു ആലപ്പുഴ സ്വദേശി മാര്‍ട്ടിൻ തോമസ്. ലീവ് കിട്ടി ഉറ്റവരെ കാണാനെത്തുന്നതിന്‍റെ സന്തോഷത്തിലായിരുന്നു മാര്‍ട്ടിൻ. ട്രെയിൻ തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ചായ വാങ്ങാനാണ് സൈനികൻ പുറത്തിറങ്ങിയത്. തിരിച്ചു കയറുമ്ബോഴേക്കും സൈറണ്‍ മുഴക്കി വണ്ടിയോടിത്തുടങ്ങി. ചായ കുടിച്ച്‌ ട്രെയിനിലേക്ക് ഓടിക്കയറവേ പടിയില്‍ കാല്‍ വഴുതിയ മാര്‍ട്ടിൻ വീണത് ട്രയിനിനും പ്ലാറ്റ് ഫോമിനുമിടയിലാണ്

പ്ലാറ്റ് ഫോമില്‍ ഡ്യൂട്ടിയിലായിരുന്ന ആര്‍പിഎഫ് സബ് ഇന്‍സ്പക്ടര്‍ ഇന്ദിഷ് സംഭവം കണ്ട് ട്രെയിനിനൊപ്പം മുന്നോട്ട് ഓടിയടുത്ത് പ്ലാറ്റ് ഫോമിനടിയിലേക്ക് കൈനീട്ടി. ഇന്ദിഷിന് മാര്‍ട്ടിന്‍റെ കൈയ്യില്‍ പിടുത്തം കിട്ടി. കുറച്ചു ദൂരം പിന്നെയും മാര്‍ട്ടിനെയും വലിച്ച്‌ ട്രെയിന്‍ മുന്നോട്ട് നീങ്ങി. ഒടുവില്‍ സര്‍വ്വ ശക്തിയുമെടുത്ത് ഇന്ദുഷ് സൈനികനെ പ്ലാറ്റ് ഫോമിലേക്ക് വലിച്ചിടുകയായിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയിലെത്തിച്ച്‌ പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം സൈനികനെ ആര്‍പിഎഫ് യാത്രയാക്കി. മരണത്തില്‍ നിന്ന് ജീവൻ തിരിച്ച്‌ കിട്ടിയതിന്റെ ഞെട്ടലിലായിരുന്നു മാര്‍ട്ടിൻ.

ഉണ്ടായത് അപകടമായതില്‍ സൈനികനെതിരെ കേസെടുത്തിട്ടില്ല. തൃശൂര്‍ മേഖലയില്‍ കഴിഞ്ഞ ഒരു കൊല്ലത്തിനിടെ സമാനമായ അപകടത്തില്‍ പെട്ടത് 74 പേരാണെന്ന് റെയില്‍വെ പൊലീസ് പറയുന്നു. ട്രെയിനിന്‍റെ വാതിലില്‍ നില്‍ക്കുകയോ ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടികളില്‍ ചാടിക്കയറി അപകടം വിളിച്ചു വരുത്തുകയോ ചെയ്യരുതെന്നാണ് റെയില്‍വേ ജീവനക്കാര്‍ ആവര്‍ത്തിക്കുന്നത്. അപകടകരമായി ട്രെയിനിന്‍റെ വാതിലില്‍ നിന്ന് യാത്രചെയ്യുന്നത് പിഴയും ആറുമാസം തടവും ലഭിക്കാവുന്ന കുറ്റവുമാണ്


Post a Comment

Previous Post Next Post