കണ്ണൂര്‍: അപകടത്തില്‍ പരിക്കേറ്റ് റോഡില്‍ കിടന്ന ബൈക്ക് യാത്രികന് രക്ഷകരായി സ്വകാര്യബസ് ജീവനക്കാര്‍.
എക്‌സോട്ടിക്, ഫാത്തിമാസ് ബസ്സുകളിലെ ജീവനക്കാരാണ് അപകടത്തില്‍ പരുക്കേറ്റ ചുമടുതാങ്ങി മണ്ടൂരിലെ അറുപത്തിയഞ്ചുവയസുകാരനായ പത്മനാഭന് രക്ഷകരായത്.
കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ പരിയാരം ഏമ്ബേറ്റ് നിര്‍മ്മല ഐടിസിക്ക് സമീപമായിരുന്നു സംഭവം. പയ്യന്നൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്സോട്ടിക് ബസ് ജീവനക്കാരാണ് റോഡില്‍ വണ്ടിയിടിച്ച് കിടക്കുന്ന ബൈക്ക് യാത്രികനായ പത്മനാഭനെ കണ്ടത്. ആ സമയം അവിടെ ഉണ്ടായിരുന്ന കാര്‍ യാത്രക്കാരോടും, മറ്റ് വാഹനങ്ങളോടും ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെല്ലാം ഒഴിഞ്ഞു മാറുകയായിരുന്നു.
അപ്പോള്‍ അതേ സമയം കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന ഫാത്തിമാസ് ബസില്‍ അപകടത്തില്‍ പെട്ട ബൈക്ക് യാത്രികനെയും കയറ്റി എക്സോട്ടിക്കിലെ കണ്ടക്ടര്‍ ഷിന്റോ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെത്തിച്ച് ഉടന്‍ ചികിത്സ ലഭ്യമാക്കുകയും ചെയ്തു.
ഷിന്റോയോടൊപ്പം എക്സോട്ടിക് ബസ് ഡ്രൈവര്‍ അനൂപ്, ക്ലീനര്‍ സുധീഷ്, ഫാത്തിമാസ് ഡ്രൈവര്‍ ലിപിന്‍, കണ്ടക്ടര്‍ ജിജിഷ്, നിധിന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി