തൃശൂർ: പാവറട്ടിയിൽ ബൈക്കിൽ സഞ്ചരിച്ച മൂന്നംഗ കുടുംബം ഓടയിലേക്ക് വീണ് അപകടം. ഇന്നലെ രാത്രിയിലാണ് അപകടമുണ്ടായത്. ഓടയും റോഡും തമ്മിലുള്ള വിടവ് നികത്താത്തതും ഓടയ്ക്ക് മുകളിൽ സ്ലാബിടാത്തതുമാണ് അപകടത്തിന് കാരണമായത്. ചെറിയ കുട്ടിയടക്കം മൂന്ന് പേരാണ് കാനയിൽ വീണത്. ബൈക്കിലെത്തിയ കുടുംബം വാഹനം നിര്‍ത്തുന്നതിടെ വശത്തേക്ക് മറിഞ്ഞ് ഓടയിലേക്ക് വീഴുന്നത്. സമീപത്തെ കടയിലുള്ളവര്‍ ഇവരെ പുറത്തേക്ക് എടുക്കാൻ സഹായിക്കുന്ന സിസിടിവി വീഡിയോ ഇടിനോടകം പുറത്ത് വന്നിട്ടുണ്ട്. ഓട വൃത്തിയാക്കി പുതിയ കാന നിര്‍മ്മിച്ചിട്ട് ഒമ്പത് ദിവസമായിട്ടും സ്ലാബ് ഇട്ടിട്ടില്ല. ഇതാണ് അപകട കാരണമെന്നും ഏറെ നാളായി ഇതാണ് സ്ഥിതിയെന്നും നാട്ടുകാർ ആരോപിക്കുന്നു.