ഇടുക്കി പൂപ്പാറ: ആനയിറങ്കൽ ഡാമിൽ വളളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപിനാഥൻ, സജീവൻ എന്നിവരെയാണ് കാണാതായത്. ആനയിറങ്കൽ ഭാഗത്തുനിന്ന് 301 കോളനിയിലേക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു.
സജീവൻ അൽപദൂരം നീന്തിയിരുന്നു. അതിനു ശേഷമാണ് മുങ്ങിപ്പോയത്. ഗോപിക്ക് നീന്തൽ അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ആളുകൾ ബഹളം വെച്ചപ്പോൾ ആനകളെ ഓടിക്കുന്നതിനാണെന്നാണ് കരുതിയത്. പിന്നീടാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായതാണെന്ന് നാട്ടുകാർ മനസ്സിലാകുന്നത്.
പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫയർഫോഴ്സ് സംഭവസ്ഥലത്തേക്ക് വൈകാതെ എത്തിച്ചേരും. മുങ്ങൽവിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും.