മലപ്പുറം എടക്കര: മൂവാറ്റുപുഴയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയ ശേഷം തുടര്‍ചികിത്സക്കായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വരികയായിരുന്ന യുവാവ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിച്ചു.
ഉപ്പട ആനക്കല്ല് ഇളമുടിയില്‍ അനൂപ് ചന്ദ്രൻ(29) ആണ് മരിച്ചത്.
മൂവാറ്റുപുഴയില്‍ നൂല്‍പുട്ട് കന്പനിയിലെ ജീവനക്കാരനായിരുന്നു അനൂപ്.ഇന്നലെ രാവിലെ മുണ്ടേരി സ്വദേശിയായ സുഹൃത്തിനോടൊപ്പം നൂല്‍പുട്ട് വിതരണം ചെയ്യാൻ പോകുന്നതിനിടയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു.
അപകടത്തില്‍ അനൂപിന്‍റെ കാലിനും സുഹൃത്തിന്‍റെ തോളെല്ലിനും പരിക്കേറ്റിരുന്നു. കാലിനുണ്ടായ പൊട്ടല്‍ പ്ലാസ്റ്ററിട്ട ശേഷം ആംബുലൻസില്‍ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി വരുംവഴി അങ്കമാലിയില്‍ വച്ച് അനൂപിനു ദേഹാസ്വാസ്ഥ്യം
അനുഭവപ്പെടുകയായിരുന്നു. ഉടൻ അങ്കമാലി അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമായി പറയുന്നത്.
കവളപ്പാറ കോളനിക്കാരനായ അനൂപ് 2019-ലെ ഉരുള്‍പൊട്ടലിനെത്തുടര്‍ന്നാണ് ആനക്കല്ലിലേക്ക് താമസം മാറിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. മുണ്ടിയാണ് മാതാവ്. സഹോദരങ്ങള്‍: ബാബു, സീന, സുനിത, അനുഷ.