ചെന്നൈ: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പിതാവും രണ്ടും പെണ്‍മക്കളും മരിച്ചു. തിരുവള്ളൂരിനു സമീപം വേപ്പംപെട്ടില്‍ ഇന്നലെ രാവിലെയാണ് സംഭവം.
പെരുമാള്‍പെട്ട് സ്വദേശി മനോഹരന്‍ (51), മക്കളായ ധരണി (18), ദേവദര്‍ശിനി (17) എന്നിവരാണ് മരിച്ചത്. ആശുപത്രിയില്‍ കഴിയുന്ന ഭാര്യയെ സന്ദര്‍ശിക്കാനായി പോകുകയായിരുന്നു മനോഹരനും മക്കളും. വേപ്പംപെട്ട് റെയില്‍വേ സ്റ്റേഷനോടു ചേര്‍ന്നുള്ള പാളം മുറിച്ചുകടക്കുന്നതിനിടെ എക്‌സ്പ്രസ് ട്രെയിന്‍ ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ മൂന്നുപേരും മരിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ചും പാതിയില്‍ നിര്‍ത്തിവച്ചിരിക്കുന്ന മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ടും പ്രദേശവാസികളുടെ നേതൃത്വത്തില്‍ ചെന്നൈ-തിരുപ്പതി ഹൈറോഡില്‍ (സിടിഎച്ച് റോഡ്) ഉപരോധ സമരം നടത്തി. പോലീസും ജില്ലാ ഭരണാധികാരികളും നടത്തിയ ചര്‍ച്ചയില്‍, പാളത്തിനു കുറുകെ കടക്കുന്നതിനു ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്താമെന്ന ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധ സമരത്തെത്തുടര്‍ന്ന് സി.ടി.എച്ച്. റോഡില്‍ രണ്ട് മണിക്കൂറോളം ഗതാഗതം മുടങ്ങി