തൃശ്ശൂർ കൊരട്ടി ചിറങ്ങര സിഗ്നല്‍ ജംഗ്ഷനില്‍ ടോറസ് കയറിയിറങ്ങി ബൈക്ക് യാത്രികൻ തല്‍ക്ഷണം മരിച്ചു. കായംകുളം സ്വദേശി മോഹൻകുമാര്‍ ആണ് മരിച്ചത്..
അങ്കമാലി ഭാഗത്തേക്കുള്ള ട്രാക്കില്‍ ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഇരു വാഹനങ്ങളും സിഗ്നല്‍ കടന്നുവരവെ ടോറസ് ലോറി ബൈക്കില്‍ തട്ടി ബൈക്കും യാത്രികനും ലോറിയുടെ അടിയിലേക്ക് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വാഹനം കയറിയതോടെ മോഹൻകുമാര്‍ തല്‍ക്ഷണം മരിച്ചു. ജോലി ആവശ്യവുമായി പാലക്കാട് താമസിക്കുന്ന മോഹൻകുമാര്‍ അങ്കമാലി ഭാഗത്തേക്കുള്ള യാത്രയിലാണ് അപകടത്തില്‍പ്പെട്ടത്. കുറ്റിച്ചിറയില്‍ നിന്നും റോഡ് നിര്‍മാണത്തിനാവശ്യമായ മെറ്റല്‍ കൊണ്ടുപോയതായിരുന്നു ടോറസ് ലോറി. സംഭവമറിഞ്ഞ് കൊരട്ടി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
ചാലക്കുടിയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം രക്തവും മറ്റും കിടന്ന ദേശീയ പാത വെള്ളമുപയോഗിച്ച് കഴുകി വൃത്തിയാക്കി. ദേശീയപാതയിലെ മുഴച്ചു നില്‍ക്കുന്ന ടാറിംഗ് അപകടത്തിന് ആക്കം കൂട്ടിയെന്ന പരാതിയും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. അപകടം നിത്യസംഭവമായി മാറിയ മുരിങ്ങൂര്‍ മുതല്‍ പൊങ്ങം വരെയുള്ള റോഡ് നിര്‍മിതിയിലെ അശാസ്ത്രീയതക്ക് പരിഹാരം വേണമെന്ന ജനകീയ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.