ഇരുട്ടുവീണതോടെ എല്ലാവരും മാനം നോക്കി ഇരിപ്പായി; ചന്ദ്രന് ചുറ്റും സുന്ദരമായ പ്രകാശ വളയം; മൂണ്‍ ഹാലോ കാണാൻ കേരളത്തിലും തിരക്ക്; ഭ്രമിപ്പിക്കുന്ന കാഴ്ച ഉണ്ടാക്കുന്നത് മഞ്ഞുകണങ്ങളും പ്രകാശവും ചേര്‍ന്ന്



തിരുവനന്തപുരം: വാന നിരീക്ഷകര്‍ക്ക് എല്ലാം വെള്ളിയാഴ്ച തിരക്കുള്ള ദിവസമായിരുന്നു. ഇരുട്ടുവീണതോടെ എല്ലാവരും മാനം നോക്കി ഇരിപ്പായി.

കേരളത്തിലും അത്യാകര്‍ഷകമായ മൂണ്‍ ഹാലോ അഥവാ ലൂണാര്‍ ഹാലോ ദൃശ്യമായി.


സൂര്യനോ ചന്ദ്രനോ ചുറ്റും ഏകദേശം 22 ഡിഗ്രി ആംഗിളില്‍ കാണുന്ന പ്രകാശ വലയമാണ് ഹാലോ അല്ലെങ്കില്‍ 22 ഡിഗ്രി ഹാലോസ്. റിഫ്രാക്ഷൻ, അല്ലെങ്കില്‍ പ്രകാശത്തിന്റെ വിഭജനം, ഐസ് ക്രിസ്റ്റലുകളില്‍ നിന്നുള്ള പ്രതിഫലനം കൂടാതെ പ്രകാശത്തിന്റെ തിളക്കം എന്നിവയാണ് ഹാലോ ആയി കാണപ്പെടുന്നത്.

22 ഡിഗ്രി ഹാലോസ് പ്രകാശം ഉള്ള ഇടത്തിനു നേരെ അല്ലെങ്കില്‍ അതിനു ചുറ്റുമായി കാണപ്പെടുന്നതാണ്. അതുകൊണ്ടാണ് ഇത് ചന്ദ്രന് ചുറ്റും വളയമായി കാണപ്പെടുന്നത്. ഓരോരുത്തരും കാണുന്ന ഹാലോയും വ്യത്യസ്തമായിരിക്കും. സൂര്യന് ചുറ്റും ഹാലോ രൂപപ്പെടാറുണ്ട്. എന്നാല്‍ പ്രകാശമായതിനാല്‍ അത് നേത്രങ്ങള്‍ കൊണ്ട് കാണാൻ സാധിക്കില്ല. ഹാലോസിന് മഴവില്ലുപോലെ നിറമുണ്ടാവില്ല, എന്നാല്‍ അകത്ത് കൂടുതല്‍ ചുവപ്പും ഹാലോയുടെ പുറത്ത് കൂടുതല്‍ നീലയും നമുക്ക് കാണാൻ സാധിക്കും.


വെള്ളത്തുള്ളികള്‍ക്ക് പകരം മഞ്ഞുകണങ്ങളാണ് മൂണ്‍ ഹാലോയുടെ രൂപപ്പെടലിലേക്ക് നയിക്കുന്നത്. ഉയരത്തില്‍ രൂപപ്പെടുന്ന സിറസ് മേഘങ്ങളാണ് മൂണ്‍ ഹാലോയില്‍ നിര്‍ണായക പങ്കുവഹിക്കുന്നത്. അന്തരീക്ഷത്തില്‍ ചുരുങ്ങിയത് 6000 അടിയെങ്കിലും രൂപത്തില്‍ സിറസ്

മേഘങ്ങള്‍ ഉണ്ടെങ്കില്‍ മൂണ്‍ ഹാലോ വളരെ വ്യക്തമായി തന്നെ തെളിഞ്ഞു കാണാനാകും. പകല്‍ ആകാശത്ത് നീളത്തില്‍ വെള്ള നിറത്തില്‍ കാണപ്പെടുന്ന നീളമുള്ള മേഘങ്ങളാണ് സിറസ് മേഘങ്ങള്‍.


രണ്ട് വളയങ്ങളായാണ് മൂണ്‍ ഹാലോ രൂപപ്പെടുക. ആദ്യത്തെ വളയെം ചന്ദ്രനില്‍ നിന്ന് 22 ഡിഗ്രി ചെരിഞ്ഞും, രണ്ടാമത്തേത് 44 ഡിഗ്രി ചെരിഞ്ഞുമാണ് കാണപ്പെടുക. ഏത് മേഖലയിലും, ഏത് സാഹചര്യത്തിലും രൂപ്പെടുന്ന മൂണ്‍ ഹാലോകളും ഈ ചെരുവുകളുമായാണ് പ്രത്യക്ഷപ്പെടുക. മഞ്ഞുതുള്ളികള്‍ വേണ്ടതുകൊണ്ട് തന്നെ മൂണ്‍ ഹാലോകള്‍ ഏറ്റവുമധികം ദൃശ്യമാകുക ശൈത്യമേഖലകളിലാണ്. മറ്റ് പ്രദേശങ്ങളിലും ശൈത്യകാലത്ത് ഇത്തരം മൂണ്‍ ഹാലോകള്‍ രൂപപ്പെടാറുണ്ട്

മൂണ്‍ ഹാലോയെ ആസ്പദമാക്കി കാലാവസ്ഥാ പ്രവചിക്കുന്ന രീതിയും പല സംസ്‌കാരങ്ങളിലുമുണ്ട്. മൂണ്‍ ഹാലോ കണ്ട് കഴിഞ്ഞാല്‍ ദുര്‍ഘടമായ കാലാവസ്ഥയാകും വരാൻ പോകുന്നതെന്നാണ് പല സംസ്‌കാരങ്ങളിലും പൊതുവായുള്ള വിശ്വാസം.

Post a Comment

Previous Post Next Post