കോട്ടയം: കോട്ടയം വൈക്കം ടിവി പുരത്ത് റോഡുപണിക്കിടയിൽ മെറ്റൽ നിരപ്പാക്കുന്ന യന്ത്ര വാഹനവും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു. വൈക്കം ടി വി പുരം മണ്ണത്താനം കൊടപ്പള്ളിൽ കെ പി സാനുവാണ് മരിച്ചത്.
ടി വി പുരം പൂതനേഴത്ത് വളവിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സാനുവിനെ നാട്ടുകാർ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാനു വൈക്കത്ത് നിന്ന് മണ്ണത്താനത്തേക്ക് വരികയായിരുന്നു. ഭാര്യ മിനി വൈക്കം നഗരസഭ ജീവനക്കാരിയാണ്. മൂന്ന് വയസുകാരൻ മാധവ് ഏക മകനാണ്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വൈക്കം – ടി വി പുരം റോഡ് ആധുനിക നിലവാരത്തിൽ പുനർനിർമ്മിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഗതാഗതം നിരോധിച്ച് നടത്തിവരുന്നതിനിടയിലായിരുന്നു അപകടം.