അതിശക്ത മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍, വടക്കന്‍ ജില്ലകളിലേക്കും മഴ

 


തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം നഗരത്തിലും ശക്തമായ മഴ തുടരുകയാണ്.


കനത്ത മഴയുടെ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും 24-ാം തീയതി വരെ നിരോധിച്ചിരിക്കുകയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ദുരന്തനിവാരണം, ശബരിമല തീര്‍ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുന്നതിനും ശബരിമല തീര്‍ഥാടകര്‍ക്കും നിരോധനം ബാധകമല്ല. എന്നാല്‍ ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തീര്‍ഥാടകര്‍ സുരക്ഷ മുന്‍ നിര്‍ത്തി ശബരിമലയിലേക്കും തിരിച്ചുമുള്ള രാത്രി യാത്രകളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പ്രധാന റോഡുകളിലെ വെള്ളക്കെട്ട്, വാഹനങ്ങളിലെ കാഴ്ച മങ്ങല്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാം. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ട്, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യത. മരങ്ങള്‍ കടപുഴകി വീണാല്‍ വൈദ്യുതി തടസം, അപകടം എന്നിവയിലേക്ക് നയിച്ചേക്കാം. വീടുകള്‍ക്കും കുടിലുകള്‍ക്കും ഭാഗിക കേടുപാടുകള്‍ക്ക് സാധ്യത. ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത.

മഴ മനുഷ്യരെയും കന്നുകാലികളെയും പ്രതികൂലമായി ബാധിയ്ക്കാനും തീരപ്രദേശത്തെ സുരക്ഷിതമല്ലാത്ത ഘടനകള്‍ക്കു നാശമുണ്ടാക്കാനും സാധ്യതയുണ്ട്

Post a Comment

Previous Post Next Post