തിരുവനന്തപുരം: പാച്ചല്ലൂരിൽ എട്ടാം ക്ലാസ് വിദ്യാർഥി ജീവനടുക്കിയതിനു പിന്നാലെ അമ്മാവനെയും മരിച്ച നിലയിൽ കണ്ടെത്തി. പാചല്ലൂർ ഐരയിൽ വിനോദ് ഭവനിൽ പരേതയായ സുജാതയുടെ മകൻ രതീഷിനെയാണ് (36) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അനന്തരവനായ സഞ്ജയ് സന്തോഷ് മരിച്ചതിലെ മനോവിഷമം മൂലമാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സഞ്ജയ് ഇന്നലെയാണ് ജീവനൊടുക്കിയത്. വാഴമുട്ടം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും തിരുവനന്തപുരം പാച്ചല്ലൂരിൽ താമസിക്കുന്ന സരിതയുടെ മകനുമായ സഞ്ജയ് സന്തോഷിനെ ഇന്നലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ നിൽക്കുമ്പോഴാണ് സഞ്ജയിന്റെ മാതാവിൻറ സഹോദരനായ രതീഷും ജീവനൊടുക്കിയത്.
സഞ്ജയ് മരിച്ചതിനു പിന്നാലെ തന്നെ രതീഷും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി പറഞ്ഞു. ഇന്നലെ രാത്രി തന്നെ രതീഷ് കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനുശേഷം കൂട്ടുകാർ പുലർച്ചെ വരെ രതീഷിനൊപ്പമിരുന്നു. അതിനുശേഷം കൂട്ടുകാർ മയങ്ങിയപ്പോഴാണ് രതീഷ് ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു.