വിജയവാഡ: ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ (Vijayawada) നിയന്ത്രണം വിട്ട ആര്‍ടിസി ബസ് പ്ലാറ്റ്‌ഫോമിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് മരണം. പത്ത് മാസം പ്രായമുള്ള കൈക്കുഞ്ഞും, ഒരു സ്ത്രീയും, ബസ് കണ്ടക്‌ടറുമാണ് മരിച്ചത്. ഗുണ്ടൂര്‍ ഡിപ്പോയിലെ വീരയ്യയാണ് മരിച്ച കണ്ടക്‌ടര്‍. കൊല്ലപ്പെട്ട മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു ബസ് സ്റ്റാന്‍റിലെ പ്ലാറ്റ്‌ഫോമിലേക്കാണ് ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ (Andhra Pradesh Road Transport Corporation) ബസ് നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. പ്ലാറ്റ്‌ഫോമില്‍ നിരവധി യാത്രക്കാര്‍ കാത്തുനില്‍ക്കവെയാണ് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്ലാറ്റ്‌ഫോം നമ്ബര്‍ 12 ലാണ് അപകടമുണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
അപകടകാരണം പൊലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ബസിന്‍റെ ബ്രേക്ക് തകരാറിലായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിജയവാഡയിലെ ഓട്ടോനഗര്‍ ഡിപ്പോയിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഗുണ്ടൂരിലേക്ക് പോകുമ്ബോഴായിരുന്നു അപകടം നടന്നത്.
രാജസ്ഥാനിലും ബസ് അപകടം: രാജസ്ഥാനില്‍ ബസ് നിയന്ത്രണം വിട്ട് റെയില്‍വേ ട്രാക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുപേര്‍ മരിച്ചു (Bus Overturns On Railway Track At Dausa). രാജസ്ഥാനിലെ ദൗസ കലക്‌ടറേറ്റ് സര്‍ക്കിളിന് സമീപം ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത് (Rajasthan Dausa Bus Accident). അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 28 പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ദൗസ എഡിഎം രാജ്‌കുമാര്‍ കസ്വ അറിയിച്ചു.