ദുബൈ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച അപകടത്തിൽ മരണം രണ്ടായി. വിസിറ്റിംഗ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ്(24) ആണ് ചികിത്സയിലിരിക്കെ ഇന്ന് മരിച്ചത്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 8 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശികളായ 2 പേരുടെ നിലയാണ് ഗുരുതരമായി തുടരുന്നത്.
ഇന്നലെയാണ് ദുബൈ കരാമയിൽ താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ മലപ്പുറം സ്വദേശിയും ബർദുബായിലെ ഫ്രൂട്ട്സ് ഷോപ്പിലെ ജീവനക്കാരനുമായ തിരൂർ പറവണ്ണ സ്വദേശി യാക്കൂബ് അബ്ദുല്ല(38) ഇന്നലെ മരണമടഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിൽ കാണാതായവരെ തിരയുമ്പോഴാണ് യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം കണ്ടെത്തിയതെന്ന് സഹപ്രവർത്തകർ പറഞ്ഞു. മൃതദേഹങ്ങൾ റാഷിദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.