ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി മലയാളികൾക്ക് പരിക്ക് : മൂന്ന് പേരുടെ നില ഗുരുതരം



ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നിരവധി മലയാളികൾക്ക് പരിക്ക്. മൂന്നു പേരുടെ നില ഗുരുതരാണ്. ഇന്നലെ അർധരാത്രി ദുബായിലെ കറാമ 'ഡേ ടു ഡേ' ഷോപ്പിങ് സെന്ററിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം. 


ഒമ്പതോളം പേരെ ദുബായിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 12.20 ഓടെ ഗ്യാസ് ചോർച്ചയുണ്ടായി പൊട്ടിത്തെറിക്കുകയായിരുന്നു. കണ്ണൂർ സ്വദേശി നിധിൻ ദാസ്, തലശ്ശേരി സ്വദേശി ഷാനിൽ, പുന്നോൽ സ്വദേശി നഹീൽ എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ണൂർ സ്വദേശി നിധിൻ ദാസിന്റെ പരിക്കുകൾ അതീവ ഗുരുതരമാണെന്ന് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ട ദൃസാക്ഷി പറഞ്ഞു.


മൂന്ന് മുറികളിലായി 17 പേരാണ് ഫ്‌ളാറ്റിൽ താമസിച്ചിരുന്നത്. മിക്കവരും ബാച്ച്‌ലർ താമസക്കാരായിരുന്നു. ദുബായിലെ റാശിദ് ആശുപത്രിയിൽ അഞ്ചുപേരും, എൻ എം സി ആശുപത്രിയിൽ നാലുപേരും ചികിത്സയിൽ തുടരുകയാണെന്നും പരിക്കേറ്റ ഭൂരിപക്ഷം പേരും മലയാളികളാണെന്നും റിപ്പോർട്ടുണ്ട്. പൊട്ടിത്തെറിയിൽ സമീപത്തെ ഫ്‌ളാറ്റിലെ രണ്ട് വനിതകൾക്കും പരിക്കേറ്റതായുമാണ് വിവരം. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. 

Post a Comment

Previous Post Next Post