കോഴിക്കോട്: കൊയിലാണ്ടി ഹാർബറിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് മിന്നലേറ്റു. ഹാർബറിൽ നങ്കൂരമിട്ട മത്സ്യബന്ധന ബോട്ടിലെ ഉപകരണങ്ങൾ ഇടിമിന്നലിൽ തകർന്നു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഗുരു കൃപാ ബോട്ടിലെ നിജു, ശൈലേഷ്, സന്തോഷ്, പ്രസാദ് എന്നിവർക്കാണ് മിന്നലേറ്റത്. നിജുവിന്റെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. നാല് പേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ബോട്ടിൽ നിന്ന് മത്സ്യം നീക്കുന്നതിനിടെയാണ് മിന്നലേറ്റത്. വലിയപുരയിൽ ടിവി രഞ്ജിത്തിന്റേതാണ് ബോട്ട്. ഇടിമിന്നലിൽ വഞ്ചിയിൽ ഉണ്ടായിരുന്ന ജിടിഎസ്, വയർലെസ്, എക്കൊ സൗണ്ടർ ക്യാമറ, ബാറ്ററി, ഡയനാമോ എന്നിവ കത്തിനശിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്