എറണാകുളം പെരുമ്പാവൂർ: മധ്യവയസ്കനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കേ ഐമുറി കീരേത്തിമല വേലായുധൻ (50 )ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് പെട്ടമലയിലെ വിജനമായ സ്ഥലത്ത് ഇയാളെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കാൽമുട്ടിനാണ് മാരകമായ വെട്ടേറ്റത്. ചോര വാർന്ന് അവശ നിലയിലായ വേലായുധനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോടനാട് പോലീസ് മേൽനടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. പാണിയേലി സ്വദേശിയായ ലിന്റോ എന്നയുവാവിനെ പോലീസ് അന്വേഷിക്കുന്നുണ്ട്. കൊല്ലപ്പെട്ടയാളുമായി മുൻ വൈരാഗ്യം ഉള്ള ആളാണ് യുവാവ്. ഒരു മാസം മുമ്പ് ഇവർ തമ്മിൽ വാക്കു തർക്കം ഉണ്ടായതായി പറയുന്നുണ്ട്. ഇരുവരും പല കേസുകളിലും ഉൾപ്പെട്ടിട്ടുള്ളവരാണ് എന്നും പോലീസ് പറഞ്ഞു.