പട്ടിക്കാട്. വഴുക്കുംപാറ ദേശീയപാതയിൽ ലോറിക്ക് പുറകിൽ കാർ ഇടിച്ച് അപകടമുണ്ടായി. ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിൽ നിന്നും ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് മൂന്നരയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. സർവീസ് റോഡിലൂടെ വന്ന ലോറി വഴുക്കുംപാറയിലെ യു ടേൺ എടുത്ത് ദേശീയപാതയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ഇതേ ഭാഗത്തേക്ക് വന്ന കാർ ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ശക്തമായ ഇടിയെ തുടർന്ന് കാറിന്റെ മുൻഭാഗം പൂർണ്ണമായും ലോറിയുടെ അടിയിലേക്ക് കയറിപ്പോയി. അപകടത്തെ തുടർന്ന് 20 മിനിറ്റോളം വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ നാട്ടുകാരും യൂണിയൻകാരും ചേർന്ന് ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീച്ചി പോലീസും ഹൈവേ പോലീസും ഹൈവേ റിക്കവറി വിങ്ങും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.