കോട്ടയം: കോട്ടയം കുമാരനല്ലൂരിനും സംക്രാന്തിയ്ക്കുമിടയ്ക്ക് നീലിമംഗലം പാലത്തിന് സമീപം അമിതവേഗതയിൽ എത്തിയ കാർ സ്വകാര്യ ബസിലിടിച്ച് അപകടം. കാർ ബസിലിടിച്ചതിനെ തുടർന്ന് ബസ് ബ്രേക്കിട്ടതിനാൽ പുറകെ വന്ന സുമോ ബസിലിടിക്കുകയും ബസ് മറ്റൊരു ബൈക്കിൽ ഇടിക്കുകയും ചെയ്തു. കാർ ഡ്രൈവറെ നിസാര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.ബസ് ബൈക്കിൽ ഇടിച്ചെങ്കിലും ബൈക്ക് യാത്രക്കാരൻ അൽഭുതകരമായി രക്ഷപെട്ടു.
കോട്ടയം കുറുപ്പന്തറ ഏറ്റുമാനൂർ റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
കോട്ടയത്ത് നിന്ന് ഏറ്റുമാനൂർ റൂട്ടിലേക്ക് വന്ന കാർ അമിതവേഗതയിൽ റോങ്ങ് സൈഡ് കയറി വരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം സ്തംഭിച്ചു.