തിരുവനന്തപുരത്ത് കനത്ത മഴ,റെയിൽപാളത്തിൽ മണ്ണിടിഞ്ഞുവീണു. അതിശക്ത മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്; തമ്പാനൂരിൽ വെള്ളക്കെട്ട്,പി.എസ്.സി പരീക്ഷകള്‍ മാറ്റി

 


മഴയെത്തുടർന്ന് തിരുവനന്തപുരം നാഗർകോവിൽ പാതയിൽ നേമത്തിന് സമീപം റെയിൽപാളത്തിൽ മണ്ണിടിഞ്ഞുവീണു. ട്രെയിനുകൾ വൈകാൻ സാധ്യത. മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയിൽ നാളെയും മറ്റന്നാളും നടക്കാനിരുന്ന കായികക്ഷമതാ പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു. വിഡിയോ റിപ്പോർട്ട് കാണാം.

തിരുവനന്തപുരം ജില്ലയിൽ രാവിലെ തുടങ്ങിയ മഴ ശമനമില്ലാതെ തുടരുകയാണ്. ഉച്ചയോടെ കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിലാകെ വെള്ളക്കെട്ട് രൂപമെടുത്തിട്ടുണ്ട്. ചാല, തമ്പാനൂർ, ചാക്ക എന്നിവിടങ്ങളിൽ മുട്ടറ്റം വെള്ളം പൊങ്ങി. നഗരത്തിൽ പലയിടത്തും ഗതാഗത കുരുക്കും രൂപമെടുത്തു.

നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിലും കനത്തമഴ തുടരുകയാണ് തൃക്കണ്ണാപുരം കെട്ടിടങ്ങൾക്ക് ഉള്ളിലേക്ക് വെള്ളം കയറി. മേറാലന്നൂരിൽ മതിൽ കാറിന് പുറത്തേക്ക് ഇടിഞ്ഞുവീണു. പാലോടും നെടുമങ്ങാടും വിടുകൾ തകർന്നു. വെള്ളായണി കാക്കാമൂല റോഡ് പൂർണമായും വെള്ളത്തിനടിയിലായി. നെയ്യാർ, കരമനയാറുകളിൽ കേന്ദ്ര ജലകമ്മിഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അപകട നിരപ്പിനു മുകളിലേക്ക് വെള്ളം ഉയർന്നിട്ടുണ്ട്. പേപ്പാറ, നെയ്യാർ, അരുവിക്കര സംഭരണികളുടെ ഷട്ടറുകൾ തുറന്നിരിക്കുകയാണ്. വിതുരയിൽ ഒഴുക്കിൽ പെട്ട് കാണാതായ ആൾക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുകയാണ്. നദീതീരത്തു താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ  

മതസ്യതൊഴിലാളികൾ കേരളതീരത്തു നിന്ന് കടലിൽ പോകരുതെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട് നിലവിലുണ്ട്. തെക്കൻജില്ലകളിൽ രണ്ടുദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post