വിഴിഞ്ഞം: നിയന്ത്രണംവിട്ട കാര്‍ റോഡുവക്കില്‍ നിര്‍ത്തിയിരുന്ന സ്കൂട്ടറിനെ ഇടിച്ചു തെറിപ്പിച്ച് കായലിലേക്ക് പതിച്ചു.
കാര്‍ വെള്ളത്തില്‍ പൂര്‍ണമായി മുങ്ങിയെങ്കിലും അതിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം നാലിന് വെങ്ങാനൂര്‍ വവ്വാമൂല കടവില്‍ മൂലബണ്ട് റോഡിലായിരുന്നു അപകടം. മുട്ടക്കാട് ചിറയില്‍ സ്വദേശികളായ അഭിറാം (18), വിനയ് (19), വിച്ചു (18) എന്നിവരാണ് കാറിലുണ്ടായിരുന്നത്. കായലില്‍ പതിച്ച കാറിന്‍റെ ഡോര്‍ തുറന്നിവര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു.
അമിത വേഗത്തില്‍ എത്തിയ കാര്‍ സമീപവാസിയായ സുദര്‍ശൻ എന്നയാളുടെ സ്കൂട്ടറില്‍ ഇടിച്ച ശേഷമാണ് വെള്ളയാണി കായലില്‍ പതിച്ചത്. പുറത്ത് കാണാൻ പറ്റാത്ത തരത്തില്‍ വെള്ളത്തിനടിയിലായ കാറിനെ മീൻ പിടിത്ത വള്ളത്തിന്‍റെ സഹായത്തോടെ കമ്ബ് കൊണ്ട് ഇടിച്ചാണ് കണ്ടെത്തിയത്. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ദ്ധരായവരെത്തി കാറിനെ വടം കെട്ടിയാണ് കരയ്ക്ക് കയറ്റിയത്.
കാറിന്‍റെ ഡോര്‍ വേഗത്തില്‍ തുറക്കാനായത് യുവാക്കള്‍ക്ക് രക്ഷയായയെന്ന് നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് വിഴിഞ്ഞം പോലീസും ഫയര്‍ ഫോഴ്സും സ്ഥലത്ത് എത്തി. നാട്ടുകാരുടെ സഹായത്തോടെ കയര്‍ ഉപയോഗിച്ച് കാര്‍ കരയ്ക്കെത്തിച്ചു.
കാര്‍ കരയില്‍ കയറ്റിയ ശേഷമാണ് സ്കൂട്ടര്‍ വെള്ളത്തില്‍ പോയ വിവരമറിയുന്നത്. തുടര്‍ന്ന് തിരച്ചില്‍ നടത്തിയ ഫയര്‍ ഫോഴ്സ് സ്കൂട്ടറിനെയും കരയിലെത്തിച്ചു.